വി.ഡി സതീശനെതിരെ പോരിന് ഒരുക്കം: നേതൃത്വത്തെ സമീപിക്കുമെന്ന് ഐഎന്‍ടിയുസി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്ക് എതിരെ പോരിനിറങ്ങാന്‍ തീരുമാനിച്ച് ഐഎന്‍ടിയുസി. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശമാണ് ഐഎന്‍ടിയുസിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ പരസ്യമായും തൊഴിലാളികളും ഐഎന്‍ടിയുസി നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് ഐഎന്‍ടിയുസി ഇനി നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിനെക്കുറിച്ച് സംസാരിക്കവെയാണ് സതീശന്‍ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഐഎന്‍ടിയുസിക്ക് പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഉള്ളതെന്നും കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. താന്‍ ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി വി ഡി സതീശന്‍ രംഗത്തെത്തി. താന്‍ കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. അല്ലാതെ ഞാന്‍ ഒറ്റയ്‌ക്കെടുത്ത അഭിപ്രായമല്ല ഇതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം വി.ഡി സതീശന്റെ പ്രസ്താവനക്ക് എതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചങ്ങനാശ്ശേരി ടൗണില്‍ തൊഴിലാളികള്‍ വി.ഡി സതീശനെതിരെ പ്രതിഷേധിച്ചു. ഐഎന്‍ടിയുസി പോഷക സംഘടന അല്ലെന്ന പ്രസ്താവന വി.ഡി സതീശന്‍ പിന്‍വലിക്കണമെന്ന് വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു. ഈ സമയം വരെ ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ് നിന്നിട്ടുള്ളതെന്നും സതീശന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വി.ഡി സതീശന് അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്തും വി.ഡി സതീശനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഐ.എന്‍.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടയില്‍ വി ഡി സതീശന്റെ ചിത്രമുള്ള പേപ്പര്‍ കീറിയെറിഞ്ഞു.

ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലാലു. 'ആരാടാ' വിഡി സതീശന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. അതേസമയം, സതീശന് എതിരായ പ്രകടനത്തില്‍ നടപടി വേണമെന്ന് കെ.പി.സി.സി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ജോസി സെബാസ്റ്റ്യനാണ് യോഗത്തില്‍ ആവശ്യം ഉന്നയിച്ചത്. സംഭവത്തില്‍ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications