വി.ഡി സതീശനെതിരെ പ്രതിഷേധം: കഴക്കൂട്ടത്ത് ചിത്രങ്ങള്‍ കീറിയെറിഞ്ഞു
തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി നിലപാടിനെതിരെ വി.ഡി സതീശന്‍ രംഗത്തെത്തിയതിനെതിരെ പ്രതിഷേധം ഉയരുന്നു. കഴക്കൂട്ടത്താണ് പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ പ്രതിഷേധം നടക്കുന്നത്. ഐ.എന്‍.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടയില്‍ വി ഡി സതീശന്റെ ചിത്രമുള്ള പേപ്പര്‍ കീറിയെറിഞ്ഞു.
ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലാലു. 'ആരാടാ' വിഡി സതീശന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. അതേസമയം, സതീശന് എതിരായ പ്രകടനത്തില്‍ നടപടി വേണമെന്ന് കെ.പി.സി.സി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ജോസി സെബാസ്റ്റ്യനാണ് യോഗത്തില്‍ ആവശ്യം ഉന്നയിച്ചത്. സംഭവത്തില്‍ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയത്.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വി.ഡി സതീശന്റെ പ്രസ്താവനക്ക് എതിരെയാണ് പ്രതിഷേധം ഉയരുന്നത്. പാഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റുമായി ആലോചിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചങ്ങനാശ്ശേരിയിലെ ഐഎന്‍ടിയുസി പരസ്യ പ്രതിഷേധത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും പ്രതിഷേധത്തിനു പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സതീശന്‍ ആരോപിച്ചിരുന്നു.
രണ്ട് ദിവസത്തെ ദേശിയ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമ സംഭവങ്ങളെയാണ് പലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സി.പി.എമ്മുകാരുമാണ്. ദേശീയ പണിമുടക്കിന് ഐ.എന്‍.ടി.യുസി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഐ.എന്‍.ടി.യു.സി നേതാക്കള്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണെന്നും വരുമായി വിഷയം സംസാരിച്ചുവെന്നും വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
ഐ.എന്‍.ടി.യു.സിക്ക് നിര്‍ദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നതെന്നും വി.ഡി സതീശന്‍ വിശദീകരിച്ചു. സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടി.യു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് ഇന്നലെയും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications