സ്വപ്നയെ ജയിലിൽ വെച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല: പരാതിയിൽ കഴമ്പില്ലെന്ന് ഡിഐജി റിപ്പോർട്ട്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പരാതി തള്ളിക്കളഞ്ഞ് ജയിൽ വകുപ്പ്. സ്വപ്ന ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്നാണ് ജയിൽ ഡിഐജി അജയകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ജയിലിൽ വെച്ച് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചതോടെ സ്വപ്നയുടെ ജയിലിലെ സുരക്ഷയും ഉയർത്തിയിരുന്നു. സായുധ പോലീസിന് പുറമേ സെല്ലിൽ ഒരു വനിതാ പോലീസിനെയും നിയോഗിച്ചിരുന്നു. കോടതി നിർദേശം അനുസരിച്ചായിരുന്നു ഈ നടപടിക്രമങ്ങൾ.
യുഡിഎഫ് വന്നാല് ലൈഫ് മിഷന് പിടിച്ചു വിടുമെന്ന് എംഎം ഹസന്; ജനം ഇതെല്ലാം കാണുന്നുണ്ടെന്ന് എഎ റഹീം

ആരോപണം ഉന്നയിച്ചില്ലെന്ന്
ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വപ്ന മൊഴിയിൽ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ പറഞ്ഞ രേഖകളിൽ താൻ ഒപ്പിടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് സ്വപ്ന ഇപ്പോൾ പറയുന്നത്. നേരത്തെ സ്വപ്ന കോടതിയിൽ പറഞ്ഞിന് വിപരീതമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ മൊഴിയിലുള്ളത്. സ്വപ്നയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് ജയിൽ ഡിഐജി സമർപ്പിച്ച റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഉടൻ തന്നെ സർക്കാരിന് കൈമാറുകയും ചെയ്യും.

ഭീഷണിയില്ലെന്ന്
സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്നതിനിടെ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജയിലിൽ വെച്ച് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചത്. ഇതോടെയാണ് ജയിൽ വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചത്. തനിക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണിയുള്ളതായി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ബോധിപ്പിച്ചത്.

തെളിവ് ശേഖരണം
സ്വപ്നയുടെ ആരോപണം പുറത്തുവന്നതോടെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ജയിൽ ഡിഐജി സ്വപ്നയെ തടവിൽ പാർപ്പിച്ചിട്ടുള്ള അട്ടക്കുളങ്ങറ ജയിലിലെത്തി വിശദമായി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾക്കൊപ്പം ജയിലിലെ സന്ദർശക രജിസ്റ്ററും പരിശോധിച്ചിരുന്നു. ഡിഐജി പ്രാഥമിക വിവരശേഖരണവുമായി മുന്നോട്ടുപോയതോടെ സ്വപ്ന ആരോപണങ്ങൾ നിഷേധിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

എത്തിയത് ആരെല്ലാം
ബന്ധുക്കളായ അഞ്ച് പേർക്ക് പുറമേ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരും വിജിലൻസ് ഉദ്യോഗസ്ഥരുമാണ് സ്വപ്നയെ ജയിലിലെത്തി സന്ദർശിച്ചിട്ടുള്ളത്. ചില ഉദ്യോഗസ്ഥരെ അറിയാമോ എന്ന ചോദ്യത്തിന് സ്വപ്ന കൃത്യമായ മറുപടിയും നൽകിയിരുന്നില്ലെന്നാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്.

സുരക്ഷ ഉയർത്തി
ജയിലിൽ വെച്ച് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചതോടെ സ്വപ്നയുടെ ജയിലിലെ സുരക്ഷയും ഉയർത്തിയിരുന്നു. സായുധ പോലീസിന് പുറമേ സെല്ലിൽ ഒരു വനിതാ പോലീസിനെയും നിയോഗിച്ചിരുന്നു. കോടതി നിർദേശം അനുസരിച്ചായിരുന്നു ഈ നടപടിക്രമങ്ങൾ.