'ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകും'; കണ്ണീരോടെ ജോയിയുടെ അമ്മ
തിരുവനന്തപുരം: തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയി ( 47 ) ക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും പുനരാരംഭിച്ചിരിക്കുകയാണ്. ജോയി മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് ജോയിയുടെ അമ്മ മെൽഹി. ആമയിഴഞ്ചാൻ തോട്ടിലിറങ്ങി മാലിന്യം വാരുന്നതിന് 1500 രൂപയാണ് ഒരു ദിവസത്തെ കൂലി. പ്രായമായ അമ്മയ്ക്കൊപ്പം ജീവിക്കുന്ന ജോയി ഈ തുകയ്ക്ക് വേണ്ടിയാണ് വളരെ ബുദ്ധിമുട്ടുള്ള പണിയായിട്ട് കൂടി ഈ പണിക്ക് ഇറങ്ങിയത്.
ഇന്നലെ രാവിലെ 11 മണിക്കാണ് ജോയിയെ കാണാതായത്. വടകര മലഞ്ചരിവ് വീട്ടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയി. വീടെന്ന് പറയാൻ ആവാത്ത ഒറ്റമുറി കെട്ടിടത്തിലാണ് താമസം. വീട്ടിൽ ചെറിയ ഹാളും മുറിയും അടുക്കളയും മാത്രം. അമ്മയ്ക്ക് ഏക ആശ്രയമായിരുന്നു ജോയി. എന്ത് ജോലിക്ക് വിളിച്ചാലും മകൻ പോകുമായിരുന്നുവെന്നും ഒരു ജോലി ഇല്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകുമായിരുന്നുവെന്ന് ജോയിയുടെ അമ്മ പറയുന്നു.

'' മകനായിരുന്നു ഏക ആശ്രയം. രാവിലെ 6 മണിക്കാണ് ജോലിക്ക് പോകുന്നത്. 5 മണിയാവുമ്പോൾ തിരിച്ച് വരേണ്ടതാണ്. എന്ത് ജോലിക്ക് വിളിച്ചാലും പോകും. വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല. എത്ര വയ്യെങ്കിലും ജോലിക്ക്, പോകും '' ജോയിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.
ഇന്നലെ നടത്തിയ തിരച്ചലിൽ ജോയിയെ കണ്ടെത്താനായിരുന്നില്ല. ദേശീയ ദുരന്തനിവാരണ ( എൻ ഡി ആർ എഫ് ) 30 അംഗ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചുയ തിരച്ചിലിനായി റോബട്ടിന്റെ സേവനവും ഉപയോഗിക്കുന്നു. മാലിന്യം നീക്കിയശേഷം മാത്രമെ തിരച്ചിൽ കഴിയൂ എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
രക്ഷാപ്രവർത്തനത്തിന് എൻ ഡി ആർ എഫറ് ആണ് നേതൃത്വം നൽകുന്നത്. റോബട്ടുകളെ എത്തിച്ച് രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെയ്ക്കുകയായിരുന്നു. 13 മണിക്കൂർ തിരച്ചൽ നടത്തിയ ശേഷമാണ് ഇന്ന രാത്രി രക്ഷാപ്രവർത്തനം നിർത്തിവെച്ചത്.












Click it and Unblock the Notifications