തിരുവനന്തപുരം കോർപറേഷൻ ഇത്തവണ ബിജെപി പിടിക്കും; തൃശൂരിലും നല്ല പ്രതീക്ഷയെന്ന് സുരേന്ദ്രന്
തിരുവനന്തപുരം: നിലവിലെ 1300 വാര്‍ഡുകള്‍ ആറായിരത്തിലേറെയായി ഉയര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ലോക്സഭാ-നിയമസഭാ പാറ്റേണ്‍ ആയിരിക്കില്ല ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍. പലയിടത്തും എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റമുട്ടലാണ് നടക്കുന്നത്. വിഷയങ്ങളും സ്ഥാനാര്‍ത്ഥികളും തദ്ദേശ തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഭരണകക്ഷിക്കെതിരായ വികാരം സാധാരണ ഗതിയില്‍ പ്രതിപക്ഷമാണ് നേട്ടമുണ്ടാക്കുക. കേരളത്തില്‍ ഭരണകക്ഷിയും സര്‍ക്കാരും വിശ്വാസ്യ തകര്‍ച്ചയിലാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇത്തവണ വളരേയേറെ പ്രതീക്ഷകള്‍ വെക്കുന്ന ജില്ല തിരുവനന്തപുരം ആണ്. കോര്പ്പറേഷന് ഭരണം പിടിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബിജെപിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് അടക്കം മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ 34 സീറ്റുകളുമായി എല്‍ഡിഎഫിന് തൊട്ടുപിറകിലായി രണ്ടാമതെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

കോര്പ്പറേഷന് ഭരണം
ഇത്തവണ 55 ലേറെ സീറ്റുകള്‍ കരസ്ഥമാക്കി കോര്പ്പറേഷന് ഭരണം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. തിരുവനന്തപുരം കോര്പ്പറേഷന് ഇത്തവണ ഉറപ്പായും ബിജെപി പിടിക്കുമെന്നാണ് കെ സുരേന്ദ്രനും അവകാശപ്പെടുന്നത്. തൃശൂര്‍ കോര്‍പറേഷനിലും പാര്‍ട്ടിക്ക് നല്ല പ്രതീക്ഷയുണ്ട്. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കിടയിലും
ന്യൂനപക്ഷങ്ങള്‍ക്കിടയിലും ബിജെപി വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട എത്രയോ ആളുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം സ്ത്രീകള്‍ അടക്കം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ബിജെപിക്ക് നാനൂറിലധികം സ്ഥാനാര്‍ത്ഥികളുണ്ട്.

എല്‍ഡിഎഫിനേക്കാള്‍
ക്രിസ്ത്യന്‍ ന്യൂനപക്ഷവും സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. യുഡിഎഫിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ആശങ്കയുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ധാരണയും ക്രിസ്ത്യന്‍ വിഭാഗത്തെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ എല്‍ഡിഎഫിനേക്കാള്‍ യോജിക്കാവുന്നത് ബിജെപിയാണെന്ന് അവര്‍ക്കറിയാമെന്നും കെ സുരേന്ദ്രന് പറഞ്ഞു.

മുഴുവന്‍ വാര്‍ഡുകളിലും
ഇതൊക്കെയാണെങ്കിലും മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്നത് ശരിയാണ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശ്രമിച്ചിട്ടും മുഴുവൻ സ്ഥലത്തും സ്ഥാനാര്‍ത്ഥികള്‍ ആയില്ല. മലപ്പുറത്തെ ചിലയിടത്ത് പാര്‍ട്ടിക്ക് എത്തിപ്പെടാനായിട്ടില്ല. കണ്ണൂരില്‍ ചില കേന്ദ്രങ്ങളില്‍ മത്സരിക്കാന്‍ പറ്റിയില്ല. പക്ഷെ ഒറ്റകക്ഷിയായി എടുക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് ബിജെപിക്കാണ്. 2015 നേക്കാള്‍ 5000 കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നു.

നല്ല മാറ്റം
സംഘ പരിവാറമാകെ ഒരുമിച്ച് നില്‍ക്കുന്നത് നല്ല മാറ്റത്തിന് സഹായകമാകുന്നെ വിലിയിരുത്തലുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും മറ്റും ബിജെപിയുടെ താഴേത്തട്ടില്‍ തന്നെയാണ് നടന്നത്. സ്വര്‍ണ്ണക്കടത്ത് കേസും ബെംഗളൂരു മയക്ക് മരുന്ന് കേസും ആകസ്മികമായി ഉണ്ടായതാണ്. അതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ നിന്നാണ് പലതിലേക്കും പോയത്. അതുകൊണ്ട് ബിജെപി രാഷ്ട്രീയം കളിച്ചു എന്ന് പറയുന്നത് ശരിയല്ല.

രാഷ്ട്രീയം കളിക്കുക
കോൺഗ്രസ് സർക്കാരിനെ മറിച്ചിട്ടു ബിജെപി സർക്കാർ ഉണ്ടാക്കാൻ പോകുന്നു എന്ന തരത്തിൽ ചില സംസ്ഥാനങ്ങളിൽ പറഞ്ഞാല്‍ ആ ആരോപണം വിശ്വസിക്കുമായിരിക്കും. കേരളത്തില്‍ ഞങ്ങള്‍ക്ക് ഒരു നിയമസഭാ അംഗമാണുള്ളത്. മുന്നോ നാലോ മാസം ആയുസുള്ള സര്‍ക്കാരിനെ മറിച്ചിടേണ്ട കാര്യവുമില്ല. കേരളം പോലെ ഒരു സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുക എന്ന് പറഞ്ഞാല്‍ അത് നടക്കില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.

ശരിയാണെന്ന് തെളിഞ്ഞു
അന്വേഷണം പുരോഗമിക്കുന്നതോടെ നേരത്തെ ഞങ്ങള്‍ പറഞ്ഞ പലതും ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് ഞങ്ങളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. സെക്രട്ടറിയേറ്റിലേത് തീ പിടുത്തമല്ല, കത്തിക്കള്‍ ആണെന്ന് ഞങ്ങളാണ് ആദ്യം പറഞ്ഞു. ഇപ്പോൾ ഫൊറൻസിക് റിപ്പോർട്ട് അതിലേക്കു വിരൽ ചൂണ്ടുന്നു. സത്യം പറഞ്ഞ് എന്നത് കൊണ്ട് ബിജെപിയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് കേന്ദ്ര ഏജന്‍സി നീങ്ങുന്നതെന്ന് എങ്ങനെ പറയാന്‍ കഴിയും.

അപരിഹാര്യമായ വിഷയം
എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകാൻ ആത്മാർഥമായ ശ്രമമാണു നടത്തിയതെന്നും കെ സുരേന്ദ്രന് പറഞ്ഞു. പുതിയവര്‍ക്കും-യുവജനങ്ങള്‍ക്കും നല്ല പ്രാതിനിധ്യം കൊടുത്തു. ഭാരവാഹിപ്പട്ടിക തയാറാക്കിയപ്പോൾ മാധ്യമങ്ങൾ നല്ലതാണ് എഴുതിയത്. ഒഴിവാക്കപ്പെട്ട പി എം വേലായുധനെപ്പോലുള്ളവരുടെ പരാതി അപരിഹാര്യമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ശോഭാ സുരേന്ദ്രന്
അത്രയും വർഷം പരിചയമുള്ളവരെ എല്ലാം നിലനിർത്തിയാൽ പാർട്ടിയിലെ യുവരക്തങ്ങളെയോ കോൺഗ്രസിൽ നിന്നും മറ്റും വന്നവരെയോ പരിഗണിക്കാൻ കഴിയില്ല. ശോഭാ സുരേന്ദ്രന്റെ കാര്യം മാധ്യമങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. എല്ലാ സംസ്ഥാനങ്ങളിലും കോർകമ്മിറ്റിയെ തീരുമാനിക്കുന്നതു കേന്ദ്ര നേതൃത്വമാണ്. അതിൽ സംസ്ഥാനത്തിന് ഒരു പ്രത്യേക നിർദ്ദേശവും ഉണ്ടായിരുന്നില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.