പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച കൊന്ന കേസിലെ പ്രതി പിടിയില്‍; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
തിരുവനന്തപുരം: പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജന്‍ ആണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാല് സംഘങ്ങളായി അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പിഞ്ചുബാലനെ കാറിടിപ്പിച്ച് കൊന്ന പ്രിയരഞ്ജനെതിരെ പ്രതിഷേധം ശക്തമാണ്. പത്താം ക്ലാസ് വിദ്യാര്‍ഥി പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖര്‍ (15) ആണ് ഓഗസ്റ്റ് 30ന് കാറിടിച്ച് കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തില്‍ അപകട മരണമാണ് എന്നാണ് കരുതിയിരുന്നത്.

അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ കേസെടുത്തത്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസ്വാഭാവികത മനസിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്നും പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി. കൊലപാതകം ആസൂത്രിതമാണ് എന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ് പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തത്. ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയ ആദിശേഖര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന്‍ മൂത്രം ഒഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ എ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ ബി ഷീബയുടെയും മകനാണ് ആദിശേഖര്‍. സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ച ശേഷം വീട്ടിലേക്ക് പോകാന്‍ സൈക്കിളില്‍ കയറവേയാണ് പ്രിയരഞ്ജന്‍ നിര്‍ത്തിയിട്ട കാര്‍ മുന്നോട്ടെടുത്ത് കുട്ടിയെ അപകടപ്പെടുത്തിയത്.
ഐ പി സി 302 വകുപ്പാണ് പ്രിയരഞ്ജനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തന് പിന്നാലെ പ്രിയരഞ്ജന്‍ ഒളിവില്‍ പോവുകയായിരുന്നു. നിസാര വിഷയത്തിന്റെ പേരില്‍ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടല്‍ ആദിശേഖറിന്റെ കുടുംബത്തിന് ഇനിയും വിട്ടുമാറിയിട്ടില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയരഞ്ജന്‍ ഓണം പ്രമാണിച്ചാണ് നാട്ടിലെത്തിയത്.












Click it and Unblock the Notifications