മോദി ഇടപെട്ടു; മുരളീധര പക്ഷത്തിന് തിരിച്ചടി.. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥി
തിരുവനന്തപുരം; ഒടുവിൽ ശോഭാ സുരേന്ദ്രനെ ഒതുക്കാനുള്ള സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ കേന്ദ്ര നേതൃത്വം തിരുമാനിച്ചു. നേരത്തെ കഴക്കൂട്ടത്ത് ശോഭാ ബിജെപി സ്ഥാനാര്‍ത്ഥിയാവില്ലെന്ന സൂചനകളായിരുന്നു പുറത്തുവന്നത്. ശോഭ മത്സരിക്കുന്നത് തടയാന്‍ മുരളീധരപക്ഷം കിണഞ്ഞ് പരിശ്രമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് ശോഭയെ മത്സരിപ്പിക്കാൻ തിരുമാനം എടുത്തിരിക്കുന്നത്. പുതിയ വിവരങ്ങളിലേക്ക്

സ്ഥാനാർത്ഥി പട്ടിക
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള തലസ്ഥാനത്തെ മണ്ഡലമായ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കും എന്ന തരത്തിലായിരുന്നു തുടക്കത്തിൽ അഭ്യൂഹങ്ങൾ.മത്സരിക്കാൻ നേതൃത്വം പറഞ്ഞാൽ അതിന് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ കഴക്കൂട്ടം ഒഴിച്ചിട്ട് കൊണ്ടായിരുന്നു പട്ടിക.

ശോഭാ സുരേന്ദ്രന്റെ പേര്
ഇതോടെ മറ്റ് ചില സർപ്രൈസുകളാണ് കഴക്കൂട്ടത്ത് ബിജെപി കാത്ത് വെച്ചതെന്ന തരത്തിലായിരുന്നു ചർച്ചകൾ. കോൺഗ്രസിൽ നിന്നുമെത്തുന്ന മുതിർന്ന നേതാവ് ഇവിടെ സ്ഥാനാർത്ഥിയായേക്കുമെന്നതടക്കം പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഇതിനിടയിലാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്ര പേര് ചർച്ചയാകുന്നത്.

മത്സരിക്കാനില്ലെന്ന്
സംസ്ഥാന നേതൃത്വവുമായി ഉടക്കി നിൽക്കുകയായിരുന്ന ശോഭാ സുരേന്ദ്രൻ പേര് സംസ്ഥാന നേതൃത്വം നൽകിയ സ്ഥാനാർത്ഥിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ശോഭാ സുരേന്ദ്രൻ മത്സരിക്കാൻ ഇല്ലെന്നായിരുന്നു പാർട്ടി നേതാക്കൾ പറഞ്ഞത്. അതേസമയം അവർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര നേതൃത്വം ഇടപെട്ടു
എന്നാൽ ശോഭയ്ക്കെതിരായ നീക്കത്തിനെതിരെ കേന്ദ്രം നേതൃത്വം ഇടപെടുകയായിരുന്നു. തുടർന്ന് അവരോട് കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാകാൻ നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം ഇതിനെതിരേയും സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. ശോഭയെ മത്സരിപ്പിക്കാതിരിക്കാനായി സീറ്റ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കാനായിരുന്നു നീക്കം.

ശോഭാ സുരേന്ദ്രനെ അറിയിച്ചു
താൻ മത്സരിക്കാൻ തയ്യാറാണെന്ന് തുഷാറും പ്രഖ്യാപിച്ചതോടെ ശോഭയെ വെട്ടാനുള്ള നീക്കവും ശക്തമായിട്ടുണ്ടെന്ന് വാർത്തകൾ വരികയും ചെയ്തു. അതേസമയം ഇപ്പോൾ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് ശോഭാ സുരേന്ദ്രനോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് പാർട്ടി കേന്ദ്രങ്ങൾ ശോഭാ സുരേന്ദ്രനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ജയിക്കുമെന്ന്
നേരത്തേ മത്സരിക്കുന്നെങ്കിൽ കഴക്കൂട്ടത്ത് മാത്രമേ മത്സരിക്കാനുള്ളൂ എന്ന നിലപാടായിരുന്നു ശോഭാ സുരേന്ദ്രൻ സ്വീകരിച്ചിരുന്നത്. കേരളത്തില്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തന്റേതെന്നും താന്‍ മത്സരിച്ചാല്‍ കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications