മഴക്കെടുതിക്കിരയായവര്‍ക്ക് ബാങ്ക് വായ്പ; പലിശ സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ നാശം വിതച്ച പ്രളയത്തെ തുടര്‍ന്ന് കടകളും സാധനസാമഗ്രികളും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ ബാങ്കുകളില്‍ നിന്ന് പത്തു ലക്ഷം രൂപയുടെ വായ്പാ സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്വയംസഹായ സംഘങ്ങള്‍ക്കും കുടുംബശ്രീക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും.
വീട്ടുപകരണങ്ങള്‍ നശിച്ചവര്‍ക്ക് അവ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീ മുഖേനയാവും ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുക. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് മാത്രമേ നേരിട്ട് വായ്പ നല്‍കേണ്ടി വരൂ. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കും.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര പ്രശസ്തമായ കെപിഎംജി എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ സേവനം സൗജന്യമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയം തകര്‍ത്ത വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരം ഡിജിറ്റലായി ശേഖരിക്കും. പ്രളയബാധിതര്‍ക്കായി വിവിധയിടങ്ങളില്‍ നിന്നെത്തുന്ന റിലീഫ് സാധനങ്ങള്‍ ഓരോ സ്ഥലത്തെയും ആവശ്യം കണക്കാക്കി വിതരണം ചെയ്യും. ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതിനായി ദ്രുതഗതിയില്‍ അവ തയ്യാറാക്കിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications