കേരളത്തിലും വാക്‌സിന്‍ നിര്‍മാണം ; മുന്നോട്ട് വന്നത് രണ്ട് കമ്പനികള്‍
തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിനുകളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികള്‍ രംഗത്തുവന്നു. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, വിര്‍ചൗ എന്നീ രണ്ടു കമ്പനികളാണ് താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. സര്‍ക്കാര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി സാങ്കേതിക അനുമതി നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം, വാക്‌സിന്‍ ഉത്പാദനത്തിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലുമുള്ള ശേഷി ഇവയെല്ലാം പരിശോധിച്ച ശേഷമാണ് സാങ്കേതിക അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ ഈ കമ്പനികള്‍ക്ക് അംഗീകാരം നല്‍കേണ്ടതായിട്ടുണ്ട്. ധനവകുപ്പിന്റെ പരിശോധനയിലാണ് വ്യവസായവികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍.
വാക്സിന്‍ നിര്‍മാണവും ഗവേഷണകേന്ദ്രവും തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. നിക്ഷേപത്തിന് തയ്യാറാകുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ കാണിച്ച് 2021 സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ഇത് അനുസരിച്ച് കെ.എസ്.ഐ.ഡി.സി. താത്പര്യപത്രം ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ട് കമ്പനികള്‍ യോഗ്യത നേടിയത്.

ഭൂമിയും അടിസ്ഥാന സൗകര്യവും ഏതു രീതിയില്‍ നല്‍കണമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച വരുന്ന കമ്പനികള്‍ ആയതിനാല്‍ ടെന്‍ഡര്‍ രീതി വേണ്ടെന്നാണ് പൊതുനിലപാട്. ബി.ഒ.ടിയും പാട്ടവ്യവസ്ഥയുമെല്ലാമാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ നിലവിലുള്ളത്. സര്‍ക്കാരിന്റെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ഇരുകമ്പനികള്‍ക്കും സ്വീകാര്യമായ പാക്കേജ് ഉറപ്പാക്കി കരാറുണ്ടാക്കും. കെ.എസ്.ഐ.ഡി.സി.യുമായിട്ടായിരിക്കും കരാര്‍ നടപ്പിലാക്കുക.
വാക്സിന്‍ യൂണിറ്റിനും ഗവേഷണകേന്ദ്രത്തിനും അപേക്ഷിച്ചാല്‍ ഒരുമാസത്തിനകം അനുമതി ലഭിക്കുമെന്നും 60 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമിയും പാട്ടത്തുകയില്‍ 50 ശതമാനം വരെ ഇളവും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയെല്ലാം ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി.
മൂലധനച്ചെലവിന്റെ 30 ശതമാനം വരെ സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കും. 20 വര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കി നാലുശതമാനം പലിശയില്‍ വായ്പ ലഭ്യമാക്കുമെന്നും വൈദ്യുതിക്കും, വെള്ളത്തിനും സബ്‌സിഡി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. ലൈഫ് സയന്‍സ് പാര്‍ക്കിലെ 85,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്കോ പാട്ടത്തിനോ സ്ഥലം അനുവദിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.












Click it and Unblock the Notifications