സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി; പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യക്തിയെ കണ്ടെത്തി
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കന്റോണ്‍മെന്റ് പോലീസിനാണ് ഫോണ്‍ സന്ദേശം വന്നത്. പൊഴിയൂരില്‍ നിന്നാണ് ഫോണ്‍ വന്നത് എന്ന് വ്യക്തമായ പോലീസ് ഉടനെ തന്നെ വിവരങ്ങള്‍ കൈമാറി. സെക്രട്ടറിയേറ്റിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തുകയും ചെയ്തു. അതിനിടെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പകല്‍ 11 മണിക്ക് ശേഷമാണ് പോലീസിന് കോള്‍ വന്നത്. ടോള്‍ ഫ്രീ നമ്പറായ 112ലേക്ക് മൊബൈലില്‍ നിന്നാണ് വിളിച്ചത്. പുരുഷ ശബ്ദമായിരുന്നു. ഫോണ്‍ നമ്പര്‍ കണ്ടെത്തി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിളിച്ച സ്ഥലവും സ്ഥിരീകരിച്ചു, വേഗത്തില്‍ പോലീസ് കരുക്കള്‍ നീക്കി. പൊഴിയൂരില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളിച്ചത്.

പൊഴിയൂര്‍ പോലീസ് വൈകാതെ തന്നെ ഒരാളെ കസ്റ്റഡിയിലെടുത്തു. നിധിന്‍ എന്ന വ്യക്തിയെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്താണ് ഇത്തരത്തില്‍ ഫോണ്‍ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് ചോദിച്ചറിയുന്നത്.
അതേസമയം, സെക്രട്ടറിയേറ്റിന്റെ പരിസരവും ഓഫീസുകളും പോലീസും ഡോഗ് സ്‌ക്വാഡും വിശദമായി പരിശോധിച്ചു. ആദ്യം പരിസര പ്രദേശങ്ങളാണ് പരിശോധിച്ചത്. സെക്രട്ടറിയേറ്റിന് സമീപം സമരം ചെയ്യുന്നവരെ ഉള്‍പ്പെടെ പരിശോധിച്ചു. ചെരുപ്പ് തുന്നുന്നവരെയും മറ്റും പരിശോധിച്ചു. വിശദമായ തിരച്ചില്‍ തുടങ്ങിയതോടെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനം നിലച്ച മട്ടായി.
ആശങ്ക വേണ്ട എന്ന് പോലീസ് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. എങ്കിലും സന്ദേശം നിസ്സാരമായി തള്ളാനും കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പുറത്തും അകത്തും പരിശോധിച്ചിട്ടും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. അതിനിടെയാണ് പൊഴിയൂരില്‍ ഒരാളെ പിടികൂടിയത്.
രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം വന്നിരുന്നു. അന്നും രണ്ട് മണിക്കൂറിനകം വിളിച്ചയാളെ കണ്ടെത്താന്‍ സാധിച്ചു. എറണാകുളത്തെ ഒരു കുട്ടിയാണ് വിളിച്ചത് എന്നാണ് പിന്നീട് പോലീസ് അറിയിച്ചത്. ഇത്തരത്തില്‍ തുടര്‍ച്ചയായി മന്ത്രിമാര്‍ക്കും മറ്റും ഭീഷണി കോള്‍ വരാറുണ്ടെങ്കിലും പോലീസ് കാര്യമാക്കാറില്ല. എന്നാല്‍ കശമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് വീണ്ടും കോള്‍ വന്നതും പരിശോധന നടത്തിയതും.
ഭീഷണി വ്യാജമാണെന്ന് അറിയുമ്പോള്‍ ആശ്വാസകരമാകുമെങ്കിലും തുടര്‍ച്ചയായി ഭീഷണി മുഴക്കി സന്ദേശങ്ങള്‍ വരാന്‍ കാരണം എന്ത് എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്ന മന്ദിരമാണ് സെക്രട്ടറിയേറ്റ്. ഇവിടെ അല്‍പ്പനേരത്തേക്കാണെങ്കിലും പ്രവര്‍ത്തനം നിലയ്ക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കും.












Click it and Unblock the Notifications