കാണം വിറ്റും ഓണം ഉണ്ണണം, കേരളീയത്തിന് ചിലവാക്കുന്ന 'കോടികളുടെ കണക്ക്'
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇക്കഴിഞ്ഞ ബജറ്റിലൂടെ സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടും കേരളീയം പരിപാടിക്കായി കോടികൾ മുടക്കാൻ സർക്കാർ. കേരളീയത്തിനായി സർക്കാർ ഖജനാവിൽ നിന്ന് മാറ്റിവച്ചിരിക്കുന്നത് 27 കോടി 12 ലക്ഷം രൂപയാണ്. ഇത് സംബന്ധിച്ച് ഉത്തരവായിക്കഴിഞ്ഞു. കിഫ്ബിയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനമെന്ന പേരിൽ പോലും തുക വക മാറ്റിയാണ് കേരളീയത്തിനായി ചെലവഴിക്കുന്നത്. സ്പോൺസർമാരിൽ നിന്നും നടത്തിപ്പിനായി പണം വാങ്ങുന്നുണ്ട്.
നവംബർ 1 മുതൽ 7 വരെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് കേരളീയം അരങ്ങേറുന്നത്. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും സാംസ്‌കാരികത്തനിമയെയും ലോകത്തിന് മുന്നിലവതരിപ്പിക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഒരു വേദിയിൽ മാത്രമായി ഒതുങ്ങാതെ തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ പ്രദർശനം, സാംസ്ക്കാരിക പരിപാടികൾ, ഭക്ഷ്യ വ്യാപാര മേള, പുസ്തകമേള, മലയാള ചലച്ചിത്ര പ്രദർശനം, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖർ അണിനിരക്കുന്ന സംവാദങ്ങൾ എന്നിങ്ങനെ ഒട്ടേറെ പരിപാടികളാണ് കേരളീയത്തിനായി ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ സ്വന്തം ഉത്സവമായി 'കേരളീയ'ത്തെ മാറ്റാനും മലയാളത്തനിമയുടെ ആഘോഷത്തെ വലിയ വിജയമാക്കാൻ നമുക്കൊരുമിച്ചു മുന്നേറാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരുന്നു.
കേരളത്തിന്റെ ടൂറിസം സാധ്യതയ്ക്ക് കൂടുതൽ അടിത്തറ പാകാൻ കേരളീയത്തിനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. പ്രദർശനത്തിന് മാത്രം സർക്കാർ ഖജനാവിൽ നിന്ന് 9.39 കോടിയാണ് മാറ്റി വച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന ആകർഷണമായി വിലയിരുത്തപ്പെടുന്നത് തിരുവനന്തപുരം നഗരത്തിലെ ദീപാലങ്കാരമാണ്. ഇതിനായി 2 കോടി , 97 ലക്ഷം രൂപ നീക്കിയിട്ടുണ്ട്. കേരളീയം പരിപാടിയുടെ പരസ്യത്തിനും മറ്റ് അറിയിപ്പുകൾക്കുമായി 3 കോടി 98 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. 3 കോടി 14 ലക്ഷം രൂപ മറ്റു സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിനായി ചെലവു വരുന്നുണ്ട്. പ്രോഗ്രാം കമ്മിറ്റി, 14 സബ് കമ്മിറ്റികൾ എന്നിവ ചേർന്നാണ് പരിപാടി സംഘാടനം ചെയ്യുന്നത്.
എട്ടു കിലോമീറ്റർ ലൈറ്റ് ഷോ, ബസുകളിൽ വൈദ്യുതാലങ്കാരം,യു.വി സ്റ്റേജ് ലൈറ്റ് ഷോ, കൈനറ്റിക് എല്‍.ഇ.ഡി ബോള്‍സ്, എല്‍.ഇ.ഡി ലൈറ്റ് ഫൗണ്ടെയ്ന്‍ തുടങ്ങിയ പരിപാടികൾ വൈദ്യുതി പ്രതിസന്ധി കാലത്ത് നടത്തുന്നതിൽ വലിയ എതിർപ്പുകളും ഉയരുന്നുണ്ട്.












Click it and Unblock the Notifications