കടുത്ത നീക്കവുമായി കെകെ രമ; എംവി ഗോവിന്ദനും സച്ചിൻ ദേവിനും വക്കീൽ നോട്ടീസ്.. ആവശ്യം ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ കെ കെ രമ എംഎൽഎ മാനനഷ്ടകേസ് നൽകിയേക്കും എന്ന് സൂചന. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ദേശാഭിമാനി പത്രം, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്ക് കെ കെ രമ വക്കീൽ നോട്ടിസ് അയച്ചു.
നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടിസിലുള്ളത്. അഡ്വ. പി.കുമാരൻകുട്ടി മുഖേനയാണ് നോട്ടിസ് അയച്ചത്. അതേസമയം, സച്ചിൻ ദേവ് എം.എൽ.എ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസ് എടുക്കാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് കെ കെ രമ എം.എൽ.എ നേരത്തെ ആരോപിച്ചിരുന്നു.

'മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ നിമിഷങ്ങൾക്കകം നടപടി ഉണ്ടാവുന്ന സംസ്ഥാനമാണിത്. അതേ സ്ഥലത്താണ് ഒരു ജനപ്രതിനിധി നൽകിയ പരാതിയിൽ പോലീസ് നിസ്സംഗത പാലിക്കുന്നത്. കേസ് എടുക്കാൻ പറ്റില്ലെന്ന് സൈബർ സെൽ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്'. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെകെ രമ പറഞ്ഞിരുന്നു.
നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് കെ.കെ രമ പരാതി നൽകിയത്. ഒരു നിയമസഭാംഗത്തിന്റെ പേരിൽ അപകീർത്തികരമായ കള്ളപ്രചരണങ്ങൾ നടത്തുകയും ഒരു സാമാജിക എന്ന നിലയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
'വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചു കൊണ്ട് സച്ചിൻദേവ് എനിക്കെതിരെ പോസ്റ്റിടുന്നു. ഇത് മറ്റുള്ളവർ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എം.എൽ.എ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തിൽ നീങ്ങുന്നത് വളരെ അപകീർത്തികരമായ കാര്യമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെ ആണു നടപടി ആവശ്യപ്പെട്ടത്' കെ.കെ രമ പറഞ്ഞിരുന്നു












Click it and Unblock the Notifications