തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ കെപിസിസി: രണ്ട് ദിവസം നീളുന്ന യോഗം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് കെപിസിസി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടി സംബന്ധിച്ച് പാർട്ടിക്കകത്തും പുറത്തും വിമർശനം ശക്തമായതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ പ്രത്യേക രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുള്ളത്.

രാഷ്ട്രീയകാര്യ സമിതി യോഗം
ജനുവരി 6,7 തിയ്യതികളിലാണ് കെപിസിസി യോഗം വിളിച്ചിട്ടുള്ളത്. കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളുമാണ് ഇതോടെ യോഗത്തിൽ പങ്കെടുക്കുക. അതേ സമയം യോഗത്തിന് മുന്നോടുയായി ഓരോ ജില്ലകളുടേയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ അതാത് ജില്ലകളിലെ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറിമാർക്കാണ് നിയോജക മണ്ഡലങ്ങളുടെ ചുമതല നൽകുക. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്താൻ കെപിസിസി ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.

തിരിച്ചടിയില്ലെന്ന്
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന വാദമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ചത്. 2015ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരമത്യം ചെയ്താണ് ഇരുവരും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ ന്യായീകരിച്ചത്. അതേ സമയം 2015ലെ കണക്കുകൾ നിരത്തി പാർട്ടിയും മുന്നണിയും നേരിട്ട പരാജയം മറച്ചുവെക്കാനാവില്ലെന്നാണ് മറ്റ് നേതാക്കൾ തിരിച്ചടിച്ചത്.

രൂക്ഷ വിമർശനം
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. കെപിസിസി യോഗത്തിൽ പങ്കെടുത്തപ്പോഴും അതിരൂക്ഷ വിമർശനമാണ് നേതാക്കൾക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി താഴേത്തട്ടുമുതൽ അഴിച്ചുപണി വേണമെന്നും പ്രവർത്തനം കാഴ്ചവെക്കാത്തവരെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട കെ സുധാകരൻ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

ഗ്രൂപ്പ് പോര് തിരിച്ചടി
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചിട്ടുള്ളത് ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ്. അതേ സമയം പാവപ്പെട്ട സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി പണം നൽകുന്നതിൽ കെപിസിസിയ്ക്ക് കഴിഞ്ഞില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പരാതിപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ള തോൽവി അംഗീകരിക്കണമെന്നാണ് ഷാനിമോൾ ഉസ്മാൻ യോഗത്തിൽ ഉന്നയിച്ച ആവശ്യം. വെൽഫെയർപാർട്ടിയുമായി ഉണ്ടാക്കിയ ധാരണ സംബന്ധിച്ച് നേതാക്കൾക്കിടയിലുണ്ടായ വാക്പോര് തിരിച്ചടിയായെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്നും അവർ അഭിപ്രായപ്പെട്ടു.

പറയാൻ തയ്യാറാവണം
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റെന്ന് പറയാനെങ്കിലും പാർട്ടി നേതൃത്വം തയ്യാറാവണമെന്നാണ് യോഗത്തിൽ വിഡി സതീശൻ ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥി നിർണ്ണയം പോലും ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്നും വോട്ട് ബാങ്കിൽ ചോർച്ചയുണ്ടായെന്നുമാണ് യോഗത്തിൽ സുധീരൻ ഉന്നയിച്ച വിമർശനം.