ദില്ലിയിലെ കത്തോലിക്ക ദേവാലയം പൊളിച്ചത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗം; കെ സുധാകരന്‍
തിരുവനന്തപുരം: ദില്ലി അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളി ആണെന്നും അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം.
ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോൾ അത് മറച്ചുപിടിക്കാൻ രാജ്യാമെമ്പാടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇതും. മതിയായ നടപടിക്രമങ്ങൾ പോലും പാലിക്കാതെ, പ്രവൃത്തി സമയത്തിന് മുൻപ് ആരാധനാലയം തകർത്ത നടപടി ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് മതസ്വാതന്ത്യത്തെ ഹനിക്കുന്നതും സംശയാസ്പദവുമാണെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനും അവകാശം ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തദ്ദേശ ഭരണകൂടങ്ങൾ ബലംപ്രയോഗിച്ച് ആരാധനാലയങ്ങൾ പൊളിച്ചു മാറ്റുന്നത് വിശ്വാസികളോടുള്ള വെല്ലുവിളി മാത്രമല്ല തികഞ്ഞ ഭരണഘടനാ ലംഘനം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ദേവാലയം നിയമവിരുദ്ധമായ ഭൂമിയിൽ ആണെന്ന വാദം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. പ്രാദേശിക ഭരണകൂടത്തിന് എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിൽ തന്നെ അനേകം വിശ്വാസികളുടെ ആരാധനാലയമായ വിശുദ്ധ മന്ദിരം പൊളിച്ചു മാറ്റുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഫാ: സ്റ്റാൻ സാമിയോട് ഹിന്ദുത്വ ഭരണകൂടം കാണിച്ച നീതി നിഷേധത്തിന്റെ തുടർച്ചയാണ് ഈ കിരാത നടപടിയെന്നും കെ സുധാകരൻ അടിവരയിട്ട് പറഞ്ഞു.
ദില്ലിയിൽ മഹാഭൂരിപക്ഷവും മലയാളികളെ ഉൾക്കൊള്ളുന്ന ഇടവകയിലെ ക്രിസ്തീയ ദേവാലയത്തിനെതിരായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നു. മതന്യൂനപക്ഷങ്ങക്കെതിരെ രാജ്യമെമ്പാടും ഉയർന്നുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും അവർക്ക് ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications