കൃഷ്ണന്റെ കൊലപാതകം; കൊലപ്പെടുത്തിയത് 10 കൊല്ലം മുമ്പ്, കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ, സംഭവം ഇങ്ങനെ...
നെയ്യാറ്റിൻകര: ആറയൂർ വിനു കൊലക്കേസിലെ പ്രതി കടമ്പാട്ടുവിള മേലെ പുത്തൻവീട്ടിൽ ഷാജിയുടെ (47) മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവ് കൃഷ്ണനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പിതൃഘാതകനായ ഷാജിക്ക് ശിക്ഷ ലഭിക്കത്തക്ക രീതിയിൽ മതിയായ തെളിവുകൾ കണ്ടെത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
2009 ജനുവരി 13 നാണ് കൃഷ്ണനെ കാറിൽ പിടിച്ചുകൊണ്ടുപോയി കൊന്ന് മകൻ ഷാജി അരുമന തേയ്മാനൂർ പാലത്തിനടുത്ത് ആറ്റിൽ തള്ളിയത്. അജ്ഞാത മൃതദേഹമെന്ന നിലയിൽ അരുമന പൊലീസ് മൃതദേഹം സംസ്കരിച്ചു. വെട്ടുവന്നി ഗവ. ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ഷാജിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്.

പത്തുവർഷം മുമ്പുള്ള കേസായതിനാൽ രേഖകൾ അരുമന പൊലീസ് കന്യാകുമാരി ആർ.ഡി.ഒയ്ക്ക് കൈമാറിക്കഴിഞ്ഞു. മൃതദേഹ പരിശോധനാ റിപ്പോർട്ടും കേസിലെ നിർണായക തെളിവായി മാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കന്യാകുമാരി ആർ.ഡി.ഒയോട് പാറശാല പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയെയും വിനു വധക്കേസിലെ രണ്ടാം പ്രതി ആറയൂർ എള്ളുവിള പുത്തൻവീട്ടിൽ പല്ലൻ അനിയെയും (42) കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ചോദ്യംചെയ്യും. തുടർന്ന് അരുമനയിൽ കൊണ്ടുപോയി തെളിവെടുത്തശേഷം കേസെടുക്കുമെന്ന് പാറശാല പൊലീസ് പറഞ്ഞു.












Click it and Unblock the Notifications