മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതുൾപ്പെടെ ഗുരുതര കുറ്റങ്ങൾ; 6 പേരെ സസ്പെന്റ് ചെയ്ത് കെഎസ്ആർടിസി
അപകടകരമാകും വിധം ഓവർടേക്ക് ചെയ്തതിനാലാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന് അന്വേഷത്തിൽ വ്യക്തമായി

തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ ആറ് പേരെ കെ എസ് ആർ ടി സി സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തി, ലഗേജിന് നിരക്ക് ടിക്കറ്റ് നൽകാത്തത് തുടങ്ങിയ സംഭവങ്ങളിൽ ആണ് സസ്‌പെൻഷൻ.
അപകടകരമായി ബസോടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രെെവർ ആർ ബിനു ആണ് സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ. ഫെബ്രുവരി 28 ന് ചടയമംഗലം ഡിപ്പോയിലെ ആർ.പി.സി 722 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തവെ നെട്ടയത്തറയിൽ വെച്ച് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ തട്ടിയതിനെ തുടർന്ന് ബുള്ളറ്റ് യാത്രക്കാരായ രണ്ട് കോളജ് വിദ്യാർഥികൾ തെറിച്ച് വീഴുകയും, തുടർന്ന് അപകടത്തിൽപ്പെട്ട രണ്ട് പേരും മരണപ്പെട്ടുകയും ചെയ്തിരുന്നു.
അപകടകരമാകും വിധം ഓവർടേക്ക് ചെയ്തതിനാലാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന് അന്വേഷത്തിൽ വ്യക്തമായി. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിംഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂനിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഉദ്ഘാടന സെഷനിൽ അച്ചടക്കം പാലിക്കണം എന്ന പ്രത്യേക നിർദേശം നൽകിയിരുന്നു. എന്നിട്ടും പരിശീലനത്തിന്റെ രണ്ടാം ദിവസം മദ്യപിച്ച് എത്തിയതിനെ തുടർന്ന് ക്ലാസിൽ നിന്നും പുറത്താക്കി മടക്കി അയച്ചതായി പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൾ റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു നടപടി
മദ്യപിച്ച് ഡ്യൂട്ടിക്ക് വന്ന എറണാകുളം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർ വെെസർ എ എസ് ബിജുകുമാറിനെയും സാധനങ്ങൾ കടത്തിയ പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്‌മിത്ത് ഐ ആർ ഷാനുവിനെയും സസ്‌പെൻഡ് ചെയ്തു. ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്‌പെക്ടർ ടി ഐ സതീഷ് കുമാറിനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ഡിപ്പോയിൽ ബസിലെ യാത്രക്കാരനിൽ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് കണ്ടക്ടർ പി ജെ പ്രദീപിനെയും സസ്‌പെൻഡ് ചെയ്തു.












Click it and Unblock the Notifications