തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എല്‍ഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവല്ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എൽ ഡി എഫ്. കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുന്നണി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അറിയിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിയ്ക്ക് കൈമാറാൻ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ തീരുമാനമെടുത്ത് കഴിഞ്ഞു. വിമാനത്താവളം നടത്തിപ്പിനുള്ള മുൻപരിചയം വേണം എന്ന നിബന്ധന എടുത്ത് കളഞ്ഞത് തന്നെ ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത അദാനിയ്ക്ക് വിമാനത്താവളം കൈമാറുന്നതിനാണെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിക്കുന്നു.
തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾ ഒറ്റയടിക്ക് അദാനിയ്ക്ക് കൈമാറിയിരിയ്ക്കുകയാണ്. ബി ജെ പി യും, പ്രധാനമന്ത്രി മോദിയും രാജ്യത്തിന്റെ പൊതുസ്വത്തായ പൊതുമേഖല സ്ഥാപനങ്ങളും, വിമാനത്താവളങ്ങളും, വിമാനകമ്പനിയും തങ്ങളുടെ സിൽബന്ധികൾക്ക് നല്കുകയാണ്. അൻപത് വർഷക്കാലത്തേയ്ക്കാണ് ഈ കച്ചവടം എന്നത് തന്നെ വിമാനത്താവളത്തിന്റെ തീറാധാരം എഴുതും എന്ന നിലയിലേക്ക് എത്തിച്ചേരും എന്നതിൽ തർക്കമില്ല. കോടാനുകോടി ഉറുപ്പിക വിലവരുന്ന വിമാനത്താള കച്ചവടത്തിൽ വൻതോതിലുള്ള അഴിമതി ആണ് നടക്കുന്നത് എന്ന് മുൻ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവും ലാഭകരവും, തന്ത്രപ്രധാനവുമായ വിമാനത്താവളം കച്ചവടം ചെയ്യുന്ന ബി ജെ പിയ്ക്കും നരേന്ദ്രമോഡിയ്ക്കും തിരുവനന്തപുരത്തെ എം പി ശശിതരൂരും , കോൺഗ്രസ്സും കൂട്ട് നില്ക്കുകയാണ്. അവർ ഈ കച്ചവടത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്ന് മാത്രമല്ല , ഇതിനെ പരസ്യമായി അനുകൂലിയ്ക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാന ജില്ലയിലെ ജനങ്ങളെ കോൺഗ്രസ്സ് വഞ്ചിക്കുകയാണ്. വിഴിഞ്ഞം തുറമുഖവും , അന്താരാഷ്ട്ര വിമാനത്താവളവും അദാനിയ്ക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞതിലൂടെ തലസ്ഥാനത്തിന്റെ കരയും കടലും ആകാശവും ഈ ബഹുരാഷ്ട്ര കുത്തകയുടെ കൈകളിലെത്തിയിരിക്കുകയാണ്.
ഈ നാടിന്റെ സമ്പത്ത് കുത്തകമുതലാളിമാർക്ക് തട്ടിയെടുക്കാൻ അനുവാദം നല്കിയ ബി ജെ പി യേയും പ്രധാനമന്ത്രി മോദിയേയും അതിന് കൂട്ട് നിന്ന കോൺഗ്രസ്സിനേയും ഒറ്റപ്പെടുത്തണമെന്നും, ഈ സ്വകാര്യവല്ക്കരണ നടപടികൾക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ നടക്കുന്ന വമ്പിച്ച ബഹുജന കൂട്ടായ്മയിൽ അണിചേരണമെന്നും ഈ നാടിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 12/10/2021 രാവിലെ 10 മണിയ്ക്ക് ചാക്ക എയർപോർട്ട് ഗേറ്റിന് മുൻവശത്ത് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുമെന്നും സി പി എം ജില്ലാ സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications