തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി തിരുവനന്തപുരം, പോളിങ് സാമഗ്രികളുടെ വിതരണം പൂർണം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിങ് ബൂത്തുകൾ സജ്ജമായി. ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടിന് ആരംഭിച്ചു. 16 കേന്ദ്രങ്ങളിൽ നിന്നാണു പോളിങ് സാമഗ്രികളുടെ വിതരണം. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 3,281 പോളിങ് സ്‌റ്റേഷനുകളാണു വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ളത്.
Recommended Video

ത്രിതല പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണു നടന്നത്. പാറശാല ബ്ലോക്കിലെ പോളിങ് സാമഗ്രികളുടെ വിതരണം പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും അതിയന്നൂർ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തൻകോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും നടന്നു.

മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം. ഹയർ സെക്കൻഡറി സ്‌കൂളിലാണ് നേമം ബ്ലോക്ക് പരിധിയിലുള്ള ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. വെള്ളനാട് ബ്ലോക്കിലെ ബൂത്തുകളുടെ പോളിങ് സാമഗ്രികൾ വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലും വർക്കല ബ്ലോക്കിലേത് വർക്കല ശിവഗിരി എസ്.എൻ. കോളജിലും ചിറയിൻകീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങൽ ഗവൺമെന്റ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും നടന്നു.
കിളിമാനൂർ എച്ച്.എസ്.എസിൽനിന്ന് കിളിമാനൂർ ബ്ലോക്ക് പരിധിയിലുള്ള പോളിങ് ബൂത്തുകളിലെ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. വാമനപുരം ബ്ലോക്കിലെ ബൂത്തുകൾക്ക് വെഞ്ഞാറമ്മൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണു വിതരണം ചെയ്തത്.
തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ പോളിങ് സ്‌റ്റേഷനുകൾക്കും ഒറ്റ വിതരണ കേന്ദ്രമാണുള്ളത്. നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളിൽ നിന്നാണു വിതരണം. വർക്കല മുനിസിപ്പാലിറ്റിയിലെ പോളിങ് സാമഗ്രികൾ വർക്കല മുനിസിപ്പൽ ഓഫിസിൽനിന്നും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിൽനിന്നും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിൽനിന്നും വിതരണം ചെയ്തു.
വോട്ടെടുപ്പിനു ശേഷം പ്രിസൈഡിങ് ഓഫിസർമാർ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും ഇതേ കേന്ദ്രത്തിൽത്തന്നെയാണു തിരികെ എത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിൽവച്ചാണ് അതതു തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ വരെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഇവിടങ്ങളിൽ അതീവ സുരക്ഷയിൽ തയാറാക്കുന്ന സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കും.












Click it and Unblock the Notifications