ആ സങ്കടം മാറി; പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന് നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരമാണ് ഇന്ദ്രൻസ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ദ്രൻസ്, പിന്നീട് അഭിനയത്തിന്റെ പല തലങ്ങളിലേക്ക് കടന്ന് പ്രേക്ഷകരെ അമ്പരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് പ്രേക്ഷർ അത്ഭുതപ്പെട്ടുപോയി. അംഗീകാരങ്ങൾ തേടിയെത്തി. ഇന്ദ്രൻസിന്റെ മാജിക്ക് കാണാൻ സിനിമാ ലോകം കാത്തിരിക്കുകയാണ്.
സിനിമയിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു. പഠിക്കാൻ സാധിക്കാത്തതിന്റെ. കടുത്ത ദാരിദ്രം മൂലം അദ്ദേഹത്തിന് പഠന കാര്യത്തിൽ ആ സമയത്ത് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല, നാലാം ക്ലാസിൽ വെച്ച് അന്ന് പഠനം അവസാനിപ്പിച്ചു, പക്ഷേ എപ്പോഴും അതൊരു വേദനയായി അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ആ വിഷമം മാറ്റാനുള്ള അവസരം അദ്ദേഹത്തിന് വന്നെത്തിയിരിക്കുകയാണ്. പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നിരിക്കുകയാണ് ഇന്ദ്രൻസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്ക്കൂളിൽ എല്ലാ ഞായറാഴ്ചയും ക്ലാസ്. 10 മാസമാണ് പഠന കാലം. അദ്ദേഹം തന്റെ അപേക്ഷാ ഫോറം ഹെഡ്മിസ്ട്രസ് ശ്രീലേഖയ്ക്ക് കൈമാറി.
' നാലാം ക്ലാസിൽ പഠനം അവസാനിച്ചു. അന്ന് കടുത്ത ദാരിദ്ര്യം ആയിരുന്നു. നടനെന്ന നിലയി അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിൽ ഉണ്ടായിരുന്നു. പേടിയോടെ പലയിടത്തും ഉൾവലിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരവസരം വന്നിരിക്കുകയാണ്, എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്ക് പഠിച്ചേ തീരൂ, ഇന്ദ്രൻസ് പറഞ്ഞതായി മനോര ഓൺലൈൻ. കോം പറയുന്നു.
ഇന്ദ്രൻസ് നാലാം ക്ലാസ് വരെ പഠിച്ചത് കുമാരപുരം യു പി സ്ക്കൂളിലായിരുന്നു. വിശപ്പ് എങ്ങനെയും സഹിക്കാമെന്ന് വെച്ചു. പക്ഷേ, പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യൽ പണിയിലേക്ക് തിരിഞ്ഞു. പിന്നീട് വായനാ ശീലം സ്വന്തമാക്കി. ആ വായനയാണ് ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച ഉണ്ടാക്കിയത്, അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തത് കാഴ്ചയില്ലാതത്ത് പോലയാണെന്നും തനിക്ക് കാഴ്ച വേണം എന്നുമാണ് ഇന്ദ്രൻസ് പറയുന്നത്.
ജീവിതത്തിൽ ഉയർച്ചകളും അംഗീകാരങ്ങളും തേടിയെത്തുമ്പോഴും വിനയത്തോടെ മാത്രം ജീവിതത്തെ നോക്കിക്കാണുന്ന ആ വലിയ മനുഷ്യൻ തന്റെ വലിയ സ്വപ്നത്തിനായുള്ള ആ യാത്ര ആരംഭിച്ചിരിക്കുകയാണ്. പത്ത് മാസം കഴിയുമ്പോൾ 10ാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്ന നിമിഷത്തിന് വേണ്ടയുള്ള പരിശ്രമമാണ് ഇനി....












Click it and Unblock the Notifications