കമ്പിളി നൂലിൽ ത്രീഡി എഫകട്റ്റിൽ മമ്മൂക്കയും ലാലേട്ടനും; ഷീൻ ഹെർബർട്ട് ശ്രദ്ധേയനാകുന്നു
തിരുവനന്തപുരം: കമ്പിളി നൂലിൽ ചിത്രങ്ങളൊരുക്കുന്ന ഒരു അമ്പത് വയസ്സുകാരൻ തിരുവനന്തപുരം നഗരത്തിലുണ്ട്. പേര് ഷീൻ ഹെർബർട്ട്. വലിയതുറ സ്വദേശി. പെയിൻ്റും ബ്രഷും ഒന്നുമില്ലാതെയാണ് ക്യാൻവാസിൽ ഷീൻ വിസ്മയങ്ങൾ തീർക്കുന്നത്. ത്രീഡി എഫക്ടിൽ തീർക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. വെറുതെ, സമയം കളയാൻ പരീക്ഷണങ്ങൾക്ക് മാത്രമായി തുടങ്ങിയ ചിത്രരചന ഇപ്പോൾ ഈ കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗം കൂടിയാണ്.

ഷീൻ ഹെർബർട്ടിൻ്റെ ശേഖരത്തിലുള്ളത് നൂറോളം വർണ്ണചിത്രങ്ങളാണ്. ഷീനിന് മനോഹര ചിത്രങ്ങൾ ഒരുക്കാൻ പെയിൻ്റും ബ്രഷും മറ്റു സാധനസാമഗ്രികളും ഒന്നും വേണ്ട. വിവിധ വർണ്ണത്തിലും രൂപത്തിലുമുള്ള കമ്പിളി നൂലുകൾ മാത്രം മതി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പല വര്‍ണങ്ങളിലുള്ള വെറും കമ്പിളി നൂല് കൊണ്ട് വ്യത്യസ്ത രൂപത്തിലും നിറത്തിലുമുള്ള നൂറോളം ചിത്രങ്ങള്‍ തയ്യാറാക്കിയത്. വെറുതെ സമയം കളയാൻ നേരമ്പോക്കിനു തുടങ്ങിയ ചിത്രരചനയാണ് ഇപ്പോൾ ഈ കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗം എന്നതും ശ്രദ്ധേയമാണ്.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഷീനിൻ്റെ കമ്പിളി നൂലിലുള്ള ചിത്രരചനയിൽ വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ചിത്രങ്ങളാണ് പിറക്കുന്നത്. സീനായ് മലമുകളിലെ ഈശോയും, ഒടുവിലത്തെ അത്താഴവും ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്തിനേറെ പറയണം, മലയാളികളുടെ സ്വന്തം ലാലേട്ടനെയും മമ്മൂക്കയെയും വരെ ഇദ്ദേഹം കമ്പിളി നൂലിൽ തീർത്ത് തൻ്റെ ക്യാൻവാസിലാക്കി.

കുറഞ്ഞത് ഒരു മാസമെങ്കിലും ഇതിൻ്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചാൽ മാത്രമാണ് ഒരു ചിത്രം നൂലിൽ കോർത്തെടുക്കാൻ കഴിയുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞ ചിത്രങ്ങൾ പൂർത്തിയാക്കുന്നതിൽ കുടുംബവും കട്ടസപ്പോർട്ടുമായി ഷീനിനൊപ്പമുണ്ട്. നിലവില്‍, മലയാള സിനിമ താരം ടൊവിനോ തോമസിന്റെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. ഭാര്യ ജെനറ്റിന്റെ കൂടി സഹായത്തോടെയാണ് ഷീന്‍ ഹെര്‍ബെര്‍ട്ട് ചിത്രങ്ങള്‍ ഒരുക്കുന്നത്.

തിരുവനന്തപുരത്ത് മാത്രമല്ല ഷീനിൻ്റെ ചിത്രങ്ങൾക്ക് ആരാധകരുള്ളത്. അങ്ങ് വിദേശരാജ്യങ്ങളിൽ നിന്ന് പോലും പലരും ചിത്രങ്ങൾ കണ്ടു വാങ്ങാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്തരത്തിൽ ഇതിനോടകം തന്നെ ഏതാണ്ട് മുപ്പതോളം ചിത്രങ്ങൾ വിറ്റഴിച്ചുവെന്നും ഷീൻ പറയുന്നു.

മാസങ്ങളെടുത്ത് കഠിനപ്രയത്നത്തിലൂടെ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ചിത്രങ്ങളൊരുക്കിയ ഈ കുടുംബത്തിന് ഒരേയൊരു ആഗ്രഹം മാത്രമാണുള്ളത്. തങ്ങളുടെ സ്വന്തം മമ്മൂക്കയെയും ലാലേട്ടനെയും നേരിൽ കണ്ട് ഈ ചിത്രങ്ങൾ സമർപ്പിക്കണം. അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഒന്ന് സംസാരിക്കണം. തങ്ങളുടെതായ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി തീരദേശ മേഖലയിൽ നിന്ന് പോലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പുതിയ ചുവടുവെപ്പുകൾ നടത്തുന്ന ഷീനിൻ്റെയും ജെനറ്റിൻ്റെയും സ്വപ്നസാക്ഷാത്കാരം എത്രയും വേഗം പൂവണിയട്ടെയെന്നാണ് ഇവരുടെ സുഹൃത്തുക്കൾക്കുമൊപ്പം ബന്ധുക്കൾക്കും പറയാനുള്ളത്.












Click it and Unblock the Notifications