വർക്കല-ശിവഗിരി റെയിൽവേ സ്‌റ്റേഷനിൽ അക്രമം നടത്തിയയാൾ അറസ്റ്റിൽ
വർക്കല: വർക്കല-ശിവഗിരി റെയിൽവേ സ്‌റ്റേഷനിൽ അക്രമം നടത്തിയയാൾ അറസ്റ്റിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് കൈരളി നഗർ പ്ലാമൂട്ടിൽ ഹൗസിൽ വിജിത്ത് സേവ്യർ വർഗീസ് ( 36) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയോടെ സ്റ്റേഷനിലെത്തിയ ഇയാൾ തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ആക്രമണം കാട്ടിയത്. സ്‌റ്റേഷൻ മാസ്റ്ററുടെ മുറിക്ക് മുന്നിലെത്തി അസഭ്യം പറയുകയും തുടർന്ന് മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി വനിതാ സ്റ്റേഷൻ മാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോയിന്റ്‌സ് മാൻ ജോണിനെ ദേഹോപദ്രവമേൽപ്പിക്കുവാനും ശ്രമിച്ചു. പ്ലാറ്റ്‌ഫോമിലെ യാത്രക്കാരുടെ കസേരകൾ ട്രാക്കിലേക്ക് വലിച്ചെറിയുകയും ആർ.പി.എഫ്. ഔട്ട് പോസ്റ്റിന് കേടുവരുത്തുകയും ചെയ്തു. അക്രമസക്തനായ ഇയാളുടെ അടുത്തേക്ക് യാത്രക്കാരുൾപ്പെടെയുളളവർ അടുത്തില്ല. സ്റ്റേഷൻ മാസ്റ്റർ പോലീസിനെ വിവരമറിയിച്ചെങ്കിലും അവർ വൈകിയാണ് എത്തിയത്. ഇതിനിടെ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ കസേരകൾ ഇയാൾ തന്നെ തിരികെ എടുത്തുവച്ചു. ഒടുവിൽ പോലീസെത്തുന്നതുവരെ അക്രമസ്വഭാവം തുടർന്നു.

പോലീസെത്തി ഇയാളെ ജിപ്പിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ആർ.പി.എഫ്. കൊല്ലം സി.ഐ. ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് സംശയമുളളതായി ആർ.പി.എഫ്. പറഞ്ഞു. ഇയാൾക്കെതിരെ ആർ.പി.എഫ്. കേസെടുത്തു.












Click it and Unblock the Notifications