കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് കാറിലിടിച്ച് യുവാവ് മരിച്ചു: അപകടം തിരുവനന്തപുരത്ത്!!
കഴക്കൂട്ടം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മംഗലപുരം വാലിക്കോണം ടി എസ് ഭവനിൽ തുളസീധരന്റെയും ശോഭനയുടെയും മകൻ അനീഷാണ് (26) മരിച്ചത്. ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളം ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു അപകടം.

അനീഷ് ഒപ്പം പഠിക്കുന്ന കൂട്ടുകാരെ കാണാൻ പോയ ശേഷം തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് വലത്തോട്ട് തിരിഞ്ഞ് കാറിലിടിക്കുകയായിരുന്നു. മംഗലപുരം പൊലീസെത്തി കാറിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളേജിൽ ഓട്ടോമൈബലിൽ ബി.ടെക് പാസായ ശേഷം സിവിൽ സർവീസ് അക്കാഡമിയിൽ കോച്ചിംഗിന് പോകുകയായിരുന്നു. തുളസീധരൻ വീടിന് സമീപം റൈസ് മില്ലും കടയും നടത്തിയിരുന്നു. തുളസീധരൻ കിടപ്പായശേഷം അനീഷാണ് കടയുടെ കാര്യങ്ങൾ നോക്കുന്നത്. ഇന്നലെ പുലർച്ചെ പിതാവിനെ നെടുമങ്ങാട്ടെ ആശുപത്രിയിൽ ഡയാലിസിസിന് കൊണ്ടു പോകാനാണ് അനീഷ് അർദ്ധരാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏക സഹോദരി അനു മുംബയിലാണ്.












Click it and Unblock the Notifications