അക്രമി സംഘത്തിന്റെ മർദ്ദനം; മദ്ധ്യവയസ്‌കൻ കൊല്ലപ്പെട്ടു, ചോദ്യം ചെയ്യൽ തുടരുന്നു
തിരുവനന്തപുരം: അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ മദ്ധ്യവയസ്‌കനെ വീട്ടിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുവേളി-വെട്ടുകാട് റോഡിൽ ടൈറ്റാനിയം കമ്പനിക്ക് സമീപം കടൽ തീരത്ത് താമസിക്കുന്ന കുരിശപ്പനെന്ന് വിളിക്കുന്ന ജെറിഫൈയാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ കസ്റ്റഡിയിലായ അഞ്ചംഗ സംഘത്തെ വലിയതുറ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കൊച്ചുവേളി സ്വദേശികളായ സുജിത്, ലിജോ, ജോൺപോൾ, പീറ്റർ ഷാനു, ചില്ലു എന്നിവരെയാണ് ശംഖുംമുഖം അസി.കമ്മിഷണർ ഷാനിഖാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെയാണ് നഗ്നമായ നിലയിൽ ജെറിഫൈയുടെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ജെറിഫൈയും ഇവരുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായതായി പൊലീസ് പറഞ്ഞു. ഇവരിൽ ചിലർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഘർഷത്തിനിടെ പരിക്കേറ്റ സുജിത്തിന്റെ അമ്മ ഷീല തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയും മകനുമായി പിണങ്ങിക്കഴിയുന്ന ജെറിഫൈ ഏറെക്കാലമായി ഇവിടെ തനിച്ചാണ് താമസം. ഇന്നലെ രാവിലെ അയൽവാസികളാണ് ജെറിഫൈ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് വിവരം വലിയതുറ പൊലീസിനെ അറിയിച്ചത്. പൊലീസെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications