കെഎസ്ആർടിസി ബസ്സിൽ വെച്ച് നഴ്സിന് നേരെ ലൈംഗികാതിക്രമം; ബന്ധുക്കളെത്തി യുവാവിനെ കയ്യോടെ പൊക്കി
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ വെച്ച് നഴ്സിന് നേരെ പീഡന ശ്രമം. വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് കാഞ്ഞിരകുളം സ്വദേശി രഞ്ജിത്ത് എന്ന യുവാവ് നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ ഇയാളെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. ബസ്സിൽ വെച്ച് പ്രതി യുവതിയോട് പലതവണ മോശമായി പെരുമാറിയതായി പരാതിയിൽ യുവതി പറയുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. തൊട്ടുപിന്നാലെ ബന്ധുക്കളെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

നേരത്തെ യുവ നടിക്ക് നേരെ കെഎസ്ആർടിസി ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നിരുന്നു. നടിയുടെ തൊട്ടടുത്തുവന്നിരുന്ന പ്രതി സവാദ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഇയാളുടെ പ്രവൃത്തി വീഡിയോയിൽ പകർത്തിയ യുവതി, ഇയാളോട് കാര്യം ചോദിക്കുകയും കണ്ടക്ടറോട് പറയുകയും ചെയ്തു. പെൺകുട്ടിക്ക് പരാതി ഉണ്ടോ എന്ന് ചോദിച്ച കണ്ടക്ടറോട് പരാതി ഉണ്ടെന്ന് യുവതി പറഞ്ഞതോടെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാൻ ബസ്സ് എടുക്കുകയായിരുന്നു. എന്നാൽ പ്രതി ഇറങ്ങിയോടി, ഡ്രൈവറും കണ്ടക്ടറും പിന്നാലെ ഓടി പ്രതിയെ പിടികൂടുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ബസ്സിൽ സമാനമായ സംഭവം നടന്നിരുന്നു. കാഞ്ഞങ്ങാട്- പത്തനംതിട്ട ബസ്സിൽ വെച്ചായിരുന്നു പീഡനശ്രമം. വളാഞ്ചേരിയിൽ വെച്ചാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വെങ്ങാട് സ്വദേശി നിസാമുദ്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു യുവതി.
യുവതി ബസ്സിൽ കയറിയ സ്ഥലത്ത് നിന്ന് തന്നെ ബസ്സിൽ കയറിയ ആളാണ് യുവതിക്ക് നേരെ പീഡന ശ്രമം നടത്തിയത്. ബസ് കോഴിക്കോട് എത്തിയപ്പോഴാണ് ഇയാൾ യുവതിയുടെ സീറ്റിലിരുന്നത്, തുടർന്ന് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. യുവതി ഇയാളോട് സീറ്റ് മാറിയിരിക്കാൻ പറയുകയും തുടർന്ന് ക്ഷമ ചോദിച്ച് ഇയാൾ സീറ്റ് മാറിയിരിക്കുകയും ചെയ്തു. എന്നാൽ വീണ്ടും സീറ്റിൽ വന്നിരുന്ന ഇയാൾ ശല്യപ്പെടുത്തുകയായിരുന്നു. ഇതോട് ആയിരുന്നു യുവതി പരാതി നൽകിയത്.












Click it and Unblock the Notifications