മനോരമ വാർത്ത കെട്ടിച്ചമച്ചതും വളച്ചൊടിച്ചതും: രൂക്ഷ വിമർശനവുമായി മേയർ ആര്യാ എസ് രാജേന്ദ്രന്‍
തിരുവനന്തപുരം: നഗരസഭയിലെ മരാമത്ത് പണികളെ കുറിച്ച് മനോരമ ദിനപ്പത്രം നല്‍കിയ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മേയർ ആര്യാ രാജേന്ദ്രന്‍. മനോരമ വാർത്ത കെട്ടിച്ചമച്ചതും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ്. ഈ വർഷം മരാമത്ത് പണികൾ കോർപ്പറേഷൻ ഏറ്റെടുക്കില്ല എന്ന തലക്കെട്ടിൽ ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത അർദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമാണെന്നും മേയർ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് മേയർ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മനോരമ വാർത്ത കെട്ടിച്ചമച്ചതും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ്. ഈ വർഷം മരാമത്ത് പണികൾ കോർപ്പറേഷൻ ഏറ്റെടുക്കില്ല എന്ന തലക്കെട്ടിൽ ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത അർദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമാണ്. 67 കോടി രൂപ സർക്കാർ ഇപ്പോൾ വിവിധ പദ്ധതികൾക്കായി അനുവദിച്ചു എന്നത് വസ്തുത തന്നെയാണ്. അതിൽ 10 കോടി രൂപയോളം നഗരസഭയ്ക്ക് കൈമാറി കിട്ടിയ സർക്കാർ സ്ഥാപനങ്ങളുടെ മെയ്ന്റനൻസ് ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ചിലവിലേക്കാണ്. ബാക്കി വരുന്ന 57 കോടി രൂപയിൽ നിന്നാണ് 100 വാർഡുകളിലെയും തെരുവ് വിളക്ക് ഉൾപ്പെടെയുള്ള വൈദ്യുതി ആവശ്യങ്ങൾക്കും, കുടിവെള്ള വിതരണത്തിനും നിക്ഷേപമായി ബന്ധപ്പെട്ട വകുപ്പിന് നൽകുന്നത്, അത് കൃത്യമായി നടന്നില്ലെങ്കിൽ ഇക്കാര്യങ്ങളിൽ പരാതികൾക്ക് ഇടയാക്കും എന്നത് മനോരമയ്ക്ക് അറിവില്ലാത്തതല്ല.

തെരുവ് വിളക്ക് കത്താതിരുന്നാല്ലോ, കുടിവെള്ള വിതരണം തടസപ്പെട്ടാലോ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനോരമയ്ക്ക് ബാധകമല്ലെങ്കിലും ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണസമിതിയ്ക്ക് അത് കാണാതിരിക്കാനാവില്ല. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വനിത - ശിശുക്ഷേമ മേഖല,വയോജന മേഖല ഉൾപ്പെടെയുള്ള മുൻഗണന നൽകേണ്ട മേഖലകളിൽ പദ്ധതികൾ തയ്യാറാക്കി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
മരാമത്ത് പണികളുടെ കാര്യത്തിൽ നിലവിൽ തുടങ്ങി വച്ച പ്രവർത്തികൾ പൂർത്തീകരണത്തിലേയ്ക്ക് നീങ്ങുന്ന ഘട്ടമാണ്. മാത്രമല്ല ഫെബ്രുവരിയിൽ അടുത്ത വർഷത്തെ പദ്ധതി സമർപ്പിക്കേണ്ടതുമുണ്ട്. അതിൽ ഉൾപ്പെടുത്തി സാമ്പത്തിക വർഷാരംഭത്തിൽ തന്നെ പ്രവൃത്തികൾ ആരംഭിക്കാവുന്നതേയുള്ളു. ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മരാമത്ത് പ്രവൃത്തികൾ ഏറ്റെടുക്കുന്നത് മൂലം ഉണ്ടാകുന്നത് ഗുണനിലവാര തകർച്ചയും, അഴിമതി നടക്കാനുള്ള സാധ്യതയുമാണ് .
സാമ്പത്തിക വർഷം അവസാനിക്കാൻ 2 മാസമേയുള്ളു എന്ന് ഈ വാർത്തയിൽ മനോരമ തന്നെ പറയുന്നുണ്ട്. 2 മാസത്തിനുള്ളിൽ എസ്റ്റിമേഷനും, ടെന്ററിംഗും പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിക്കാൻ പോലും കഴിയില്ല എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. ഫണ്ട് ചിലവഴിച്ച് തീർക്കലല്ല, ചിലവാക്കുന്ന പണത്തിന് അനുസൃതമായ ഗുണനിലവാരം പ്രവർത്തികൾക്ക് ഉണ്ടാവുകയും വേണം, പ്രത്യകിച്ച് റോഡുൾപ്പെടെ ഉള്ള കാര്യങ്ങളിൽ അത് ഉറപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും ഉള്ളത്.
2021-22 സാമ്പത്തിക വർഷത്തെ പദ്ധതികളുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ല. കാരണം ഇപ്പോൾ അനുവദിച്ച 67 കോടിരൂപയ്ക്ക് തനതായി തന്നെ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഇതെല്ലാം നഗരസഭാ കൗൺസിൽ ഏകകണ്ഠമായി പാസാക്കിയതുമാണ്. കൗൺസിലർമാർക്ക് ഇതിന്റെ പ്രായോഗിക പ്രശ്നങ്ങൾ ബോധ്യമുള്ളത് കൊണ്ടാണ് എല്ലാവരും ഇക്കാര്യത്തിൽ ഭരണസമിതിയുടെ നിർദ്ദേശത്തെ പിന്താങ്ങിയത്. സുതാര്യമായും ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളുടെ അടിസ്ഥാനത്തിലും ഭരണനടപടികൾ മുന്നോട്ട് കൊണ്ട് പോകുന്ന ഭരണസമിതിയ്‌ക്കെതിരായ വിവിധ നുണരചനകളിൽ അവസാനത്തേത് മാത്രമാണ് ഇന്നത്തെ വാർത്ത.
ഇ വിശദീകരണത്തോടെ ഇത് അവസാനിക്കും എന്ന വ്യാമോഹമൊന്നും നഗരസഭയ്ക്കില്ല. കാരണം മനോരമയുടെ ഈ വൈരാഗ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നത് തന്നെ, അതുകൊണ്ട് ഈ വിശദീകരണ കുറിപ്പ് മനോരമ വായിച്ച് വഞ്ചിതരാകാനിടയുള്ള പൊതുജനങ്ങളുടെ അറിവിലേക്ക് വേണ്ടിയാണ്. ജനങ്ങളോടാണ് ഞങ്ങൾക്ക് ബാധ്യത.












Click it and Unblock the Notifications