വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; ബൈക്കിലെത്തിയത് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ്
തിരുവനന്തപുരം: കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത വീട്ടമ്മയെ കവര്‍ച്ച ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. മുഖം മൂടി ധരിച്ചെത്തിയയാളാണ് മോഷ്ടാവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ഷാലോം നിവാസില്‍ കുമാരിയെയാണ് മോഷ്ടാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണം ഊരിവാങ്ങിയത്. അതേസമയം കുമാരിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. പൊക്കം കുറഞ്ഞ വ്യക്തിയാണ് മോഷ്ടാവ്. കുമാരി കൃത്യമായി അറിയുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് അംഗപരിമിതകളുണ്ടെന്ന് കൃത്യമായി മോഷ്ടാവിന് അറിയാമായിരുന്നു.

മോഷണത്തിനായി വീട്ടില്‍ കയറി മോഷ്ടാവ് കുമാരി അടുത്തെത്തി ശബ്ദിക്കരുതെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കാതില്‍ തൊട്ട് കാണിച്ചാണ് കമ്മല്‍ ഊരി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാകാതിരുന്നതോടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, മുടിക്ക് പിടിച്ച് തല കുനിച്ച് ഇടിച്ചു. ഇതോടെ കമ്മല്‍ ഊരി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മുറിക്കുള്ളില്‍ കയറി അലമാരയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധിച്ചു. പക്ഷേ കൊച്ചുമക്കള്‍ ഉറങ്ങിയിരുന്ന മുറിയിലേക്ക് ഇയാള്‍ കടന്നതേയില്ല. ഇതിന് ശേഷം പിന്‍വാതില്‍ വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. വീട്ടില്‍ പണമുണ്ടെന്ന് കൃത്യമായി അറിഞ്ഞാണ് മോഷ്ടാവ് എത്തിയത്.
അതേസമയം സംഭവം നടക്കുന്നതിന് മുമ്പ് ഒരാള്‍ ബൈക്കിലെത്തി പരിസരവാസിയോട് ഇവരുടെ വീട് അന്വേഷിച്ചിരുന്നു. അടുത്തൊന്നും സിസിടിവിയല്ലാത്തതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലേക്കുള്ള പ്രധാന വഴികളിലെ സിസിടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് കുമാരിയുടെ മകളുടെ ഭര്‍ത്താവായ രതീഷിന് ഏഴ് ലക്ഷം രൂപയുടെ ചിട്ടി അടിച്ചിരുന്നു. രതീഷിന് കടബാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് കടം നല്‍കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്, കുമാരിയെയും കുടുംബത്തെയും കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് മോഷ്ടാവമെന്ന് പോലീസ് കരുതുന്നു.
തട്ടിപ്പിന് കളിത്തോക്കാണ് ഉപയോഗിച്ചതെന്നാണ് പോലീസ് നിഗമനം. രണ്ടാഴ്ച്ച മുന്‍പാണ് കുമാരി മകള്‍ ജ്യോതി താമസിക്കുന്ന വീട്ടിലെത്തിയത്. മകളും ഭര്‍ത്താവ് രതീഷും പള്ളിയില്‍ പോയ സമയത്താണ് മോഷ്ടാവ് വന്നത്. മകളുടെ ആറും നാലും വയസ്സുള്ള മക്കളും കുമാരിയും മാത്രമാണ് മോഷണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വീടിന് മുന്നിലുള്ള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. അതേസമയം ഊരി നല്‍കിയ കമ്മലുകള്‍ മുക്കുപണ്ടമായിരുന്നു. എട്ടരയോടെ മകളും മരുമകനും എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം പുറത്തറിഞ്ഞത്. ചിട്ടിയുടെ പണം ലക്ഷ്യമിട്ടാണോ കള്ളന്‍ എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications