മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കം: സംഭവങ്ങൾ പുനരാവിഷ്കരിച്ച് പോലീസ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഭവം രാത്രി പുനരാവിഷ്കരിച്ചത്. പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസ്സും കാറും ഓടിച്ച് പരിശോധിച്ചത്.
മേയറുടെ പരാതി ശരി വെയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്ന ആൾക്ക് കാണാൻ കഴിയുമെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവം നടന്നത് രാത്രി സമയത്തായത് കൊണ്ട് രാത്രി തന്നെയായിരുന്നു പരിശോധന.
കെ എസ് ആർ ടി സി ഡ്രൈവർ യദുവിന് എതിരെ നൽകിയ പരാതിയിൽ ആര്യ രാജേന്ദ്രന്റെ രഹസ്യമാെഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് രഹസ്യമാെഴി നൽകിയത്. രഹസ്യ മൊഴി നൽകാനായി മ്യൂസിയം പോലീസ് മേയർക്ക് നോട്ടീസ് നൽകിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോൺമെന്റ് പോലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പോലീസാണ് അന്വേഷിക്കുന്നത്.
ഏപ്രിൽ 27 ന് ആണ് സംഭവം നടന്നത്. രാത്രി ഒമ്പതേ മുക്കാലിന് ശേഷം തങ്ങൾ വീട്ടിൽ നിന്ന് പട്ടം പ്ലാമൂട് വഴി പോവുകയായിരുന്നുവെന്നും അവിടെ വെച്ച് കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ തങ്ങളുടെ കാറ് തട്ടാൻ വരുകയായിരുന്നുവെന്നും താനും സഹോദരന്റെ ഭാര്യയും ആയിരുന്നു കാറിന്റെ പിറകിൽ ഉണ്ടായിരുന്നതെന്നും ആര്യ പറഞ്ഞിരുന്നു. തങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ ഡ്രൈവർ അസഭ്യ ഭാഷയിൽ തങ്ങളെ ഒരു ആംഗ്യം കാണിച്ചുവെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

തങ്ങൾ അടുത്ത സിഗ്നലിൽ വണ്ടി നിർത്തി ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കുമ്പോൾ വളരെ മോശമായാണ് തങ്ങളോട് സംസാരിച്ചതെന്നും അപ്പോൾ തന്നെ താൻ പോലീസിനെ വിവരം അറിയിച്ചെന്നും ബസ് ഓവർ സ്പീഡിലായിരുന്നുവെന്നും മേയർ പറഞ്ഞിരുന്നു. തങ്ങൾ നോക്കുന്ന സമയത്ത് വളരെ അസഭ്യമായ രീതിയിൽ അദ്ദേഹത്തിന്റെ കൈ കൊണ്ടും മുഖത്തെ ഭാവങ്ങൾ കൊണ്ടും തങ്ങൾ രണ്ട് സ്ത്രീകളെ നോക്കി അസഭ്യം പറയുകയാണ് ഉണ്ടായതെന്നും മേയർ പറഞ്ഞിരുന്നു.












Click it and Unblock the Notifications