ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ട; അടിയന്തര യോഗം വിളിച്ച് സിപിഎം, ഗവര്‍ണറെ കാണാന്‍ ബിജെപി
തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വിളിച്ചു ചേര്‍ക്കാന്‍ സിപിഎം തീരുമാനം. തിങ്കളാഴ്ചയാണ് യോഗം ചേരുക. പാര്‍ട്ടിയിലെ പോരാണ് കത്ത് വിവാദത്തിന് പിന്നിലെന്ന് ആക്ഷേപം ശക്തമായ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം വിളിച്ചിരിക്കുന്നത്. കത്ത് പുറത്തായ സംഭവത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണം നടക്കും. കത്ത് എനിക്ക് കിട്ടിയിട്ടില്ല. മേയറോട് വിഷയത്തില്‍ സംസാരിച്ചിരുന്നു എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കാനാണ് മേയറുടെ തീരുമാനം. കത്ത് തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ പറയുന്നു. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ പോലീസില്‍ പരാതിപ്പെടാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. മ്യൂസിയം പോലീസിലാകും പരാതി നല്‍കുക എന്നാണ് വിവരം. അല്ലെങ്കില്‍ സിറ്റി കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിക്കും. വ്യാജ ഒപ്പാണ് കത്തിലുള്ളതെന്നും സീലില്ലാത്ത ലെറ്റര്‍പാഡ് ഉപയോഗിച്ചാണ് കത്ത് പ്രചരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക.
സിപിഎമ്മിലെ വിഭാഗീയതയാണ് കത്ത് ചോരാന്‍ കാരണം എന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. ആര്യ രാജേന്ദ്രന്‍ തലസ്ഥാനത്ത് ഇല്ലാതിരുന്ന തിയ്യതിയാണ് വിവാദ കത്തില്‍ കാണുന്നത്. ഇതാണ് മേയര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. എന്നാല്‍ എങ്ങനെ കത്തില്‍ മേയറുടെ ഒപ്പ് വന്നു എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.
അതേസമയം, വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടാനാണ് ബിജെപിയുടെ നീക്കം. 35 ബിജെപി കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച ഗവര്‍ണറെ കാണും. ഭരണസമിതി പിരിച്ചുവിടണം എന്നാണ് ബിജെപിയുടെ ആവശ്യം. മേയര്‍ പൊതുജനമധ്യത്തിലെത്തി മറുപടി നല്‍കണമെന്നും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു.












Click it and Unblock the Notifications