മേയറുടെ കത്ത് വിവാദം കത്തുന്നു; ബിജെപി-സിപിഎം അംഗങ്ങള്‍ ഏറ്റുമുട്ടി, നഗരസഭയില്‍ കൈയ്യാങ്കളി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ വന്‍ പ്രതിഷേധം. നഗരസഭയ്ക്ക് അകത്തും പുറത്തും സംഘര്‍ഷാവസ്ഥ. അകത്ത് നഗരസഭാ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി നടന്നപ്പോള്‍ പുറത്ത് പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
ആദ്യം ബിജെപിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വന്നു. ശേഷം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവമോര്‍ച്ചയുടെ പ്രകടനവുമുണ്ടായിരുന്നു....

മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാരാണ് ഇന്ന് ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത്. ഗേറ്റ് പൂട്ടി പോലീസ് ഇവരെ തടഞ്ഞു. മേയറുടെ ചേംബറിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഗേറ്റ് പൂട്ടിയത്.
ഇതില്‍ പ്രതിഷേധിച്ച് സിപിഎം കൗണ്‍സിലര്‍ സലീമിനെ ബിജെപി കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പൂട്ടിയിട്ടു. ഇതോടെയാണ് ഇരുപാര്‍ട്ടികളുടെയും അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടായത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് സലീം. ഈ വേളയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രധാന കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

അകത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ തന്നെയാണ് നഗരസഭയ്ക്ക് പുറത്തും കാര്യങ്ങള്‍ മാറി മറിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ബാരിക്കേഡ് തള്ളി മാറ്റി ഓഫീസ് വളപ്പിലേക്ക് കയറാന്‍ ശ്രമിച്ചു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതവും ജലപീരങ്കിയും പ്രയോഗിച്ചു.
ചിതറിപ്പോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ചു. മതില്‍ ചാടി ഓഫീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. അതിനിടെ യുവമോര്‍ച്ചയും ആം ആദ്മി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനവുമായി എത്തി. ഇവരെ പോലീസ് തടഞ്ഞു.

കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് അകത്തും യൂവജനസംഘടനകള്‍ പുറത്തും പ്രതിഷേധം സംഘടിപ്പിക്കവെയാണ് ഓഫീസ് ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയത്. സമരക്കാര്‍ക്കെതിരെ ആയിരുന്നു ഇവരുടെ പ്രതിഷേധം. ഇടത് അനുകൂല സംഘടനകളിലെ ജീവനക്കാരാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
കൗണ്‍സിലര്‍ സലീമിനെ ഓഫീസില്‍ പൂട്ടിയതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് നഗരസഭ സാക്ഷ്യം വഹിച്ചത്. ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിരവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയിരുന്നു. ഇവര്‍ പ്രതിഷേധം കണ്ട് പുറത്തേക്കോടി. ഇതിനിടെ ഒരു വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

നഗരസഭയ്ക്ക് അകത്ത് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ തളര്‍ന്നുവീണു. വനിതാ അംഗങ്ങള്‍ പരസ്പരം ഉന്തുംതള്ളുമുണ്ടായി. ഇവരെ പിന്തിരിപ്പിക്കാന്‍ കൂടുതല്‍ അംഗങ്ങള്‍ ഇടപെട്ടു. ഗ്രില്ലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം നടന്നു. കൗണ്‍സിലര്‍ ശരണ്യയ്ക്ക് പരിക്കേറ്റതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഗവര്‍ണറെ കാണുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു.












Click it and Unblock the Notifications