ഓടയിൽ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മദ്ധ്യവസ്കൻ മരിച്ചു
വിഴിഞ്ഞം: തെന്നൂർക്കോണത്ത് ഓടയിൽ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മദ്ധ്യവസ്കൻ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം മുക്കുവൻ കുഴിയിൽ കൃഷ്ണയിൽ പരേതരായ കൊച്ചുകൃഷ്ണൻറെയും പൊന്നമ്മയുടെയും മകൻ സജുകുമാർ (46) ആണ് മരിച്ചത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
ഇന്നലെ വൈകിട്ട്
3.30 ഓടെ ഇയാളെ റോഡരികിലെ ഓടയിൽ വീണ് തലക്ക് സാരമായി പരിക്കേറ്റ് രക്തം ഒലിക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് സജുകുമാറിനെ ആംമ്പുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലും അവസ്ഥമോശമായതിനെ തുടർന്ന് മെഡിക്കൽ കേളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുക്കോല ഭാഗത്ത് നിന്ന് തെന്നൂർക്കോണത്തേക്ക് നടന്നുവരുന്നതിനിടെ അബദ്ധത്തിൽ ഓടയിൽ വീണതാകുമെന്നാണ് വിഴിഞ്ഞം പൊലീസിന്റെ പ്രാധമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഏതെങ്കിലും വാഹനം ഇടിച്ചാണോ അപകടമുണ്ടായതെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. അഗ്രികൽച്ചറൽ ഡയറക്ടറേറ്റിലെ ജീവനക്കാരനും അവിവാഹിതനുമായ സജുകുമാർ സഹോദരനായ സുരേഷിനൊപ്പം താമസിച്ചു വരുകയായിരുന്നു. ലത, മണി എന്നിവർ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.












Click it and Unblock the Notifications