തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കഴിഞ്ഞ് പോകുന്നവരെ വേളി ടൂറിസം വില്ലേജിൽ കാത്തിരിക്കുന്നത് ഈ സർപ്രൈസ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാരണം വലിയ പ്രതിസന്ധി നേരിടുന്ന ഒരു രംഗമാണ് വിനോദ സഞ്ചാര മേഖല. കൊവിഡ് കാരണം പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കൊവിഡ് കഴിഞ്ഞ് വേളിയിലെ ടൂറിസം വില്ലേജിലേക്ക് പോകുന്നവരെ കാത്തിരിക്കുന്ന ഒരു സർപ്രൈസുണ്ട്. അതാണ് മിനിയേച്ചർ ട്രെയിൻ. വേളി ടൂറിസം വില്ലേജിൽ സ്ഥാപിച്ച മിനിയേച്ചർ ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി. സംസ്ഥാന ടൂറിസം വകുപ്പ് 9 കോടി രൂപ വിനിയോഗിച്ച് സ്ഥാപിക്കുന്ന മിനിയേച്ചര്‍ റെയില്‍വേ സംവിധാനത്തില്‍ രണ്ട് കിലോമീറ്ററിലധികം ദൂരത്തിലുള്ള ട്രാക്കിലൂടെയാണ് മിനി ട്രെയിന്‍ ഓടുക.

സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളുമാണ് പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിലെ കേരളത്തിലെ ആദ്യ സംരംഭമാണിത്. സോളാര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനമായതിനാല്‍ അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായി ഇത് മാറും.

veli

പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുക പറക്കുന്നത് ഗൃഹാതുരമായ കാഴ്ചയും ഒരുക്കും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. ടണലും റെയില്‍വേ പാലവും അടക്കം സജജീകരിക്കുന്നുണ്ട്. ഒരു മാസത്തിനകം അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകും.

മുന്‍സര്‍ക്കാരുകളുടെ കാലത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വ് പകരുന്ന നിരവധി പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആഭ്യന്തര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ വേളി വികസനകുതിപ്പിലാണ്. വേളിയില്‍ അര്‍ബന്‍ പാര്‍ക്ക്, നാച്യുറല്‍ പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍ എന്നിവ ഒരുങ്ങുകയാണ്. കൂടാതെ 20 ഏക്കര്‍ സ്ഥലത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെയും പണികള്‍ ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. ആകെ 50 കോടി രൂപയുടെ വന്‍ പദ്ധതിയാണ് വേളിയില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.

Thiruvananthapuram
English summary
Miniature train trial in Veli tourism village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X