'വണ്ടി വേഗം എടുക്കാൻ പറ; ' അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: റോഡിൽ പരുക്കേറ്റ് കിടന്നയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ചാക്കയിൽ വെച്ചാണ് അപകടം ഉണ്ടായത്. ആ വഴി വന്ന മന്ത്രി അപകടം കാണുകയും ഉടൻ തന്നെ വണ്ടിയിൽ നിന്നിറങ്ങി സംഭവസ്ഥലത്ത് എത്തുകയും ചെയ്തു.
ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ദേീയപാതയിൽ ചാക്കയിൽ അജ്ഞാത വാഹനം തട്ടി റോഡിൽ കിടന്ന മധ്യവയസ്‌കനെ കണ്ട് മന്ത്രിയുടെ വാഹന വ്യൂഹം നിർത്തി. ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദർശിക്കാൻ പോകുകയായിരുന്നു മന്ത്രി. യാത്രയ്ക്കിടെയാണ് അപകടം കണ്ടത്.

സാരമായ പരുക്കേറ്റ അവസ്ഥയിലായിരുന്നു മധ്യവയസ്‌കൻ. ഉടൻ വാഹനം നിർത്തി ഒപ്പം ഉണ്ടായിരുന്ന പോലീസ് കാറിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാൻ മന്ത്രി നിർദേശം നൽകി. മന്ത്രിക്ക് എസ്‌കോർട്ട് വന്ന വാഹനത്തിൽ ആണ് പരിക്കേറ്റയാളെ കൊണ്ടുപോയത്. കിംസ് ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്.

ഇദ്ദേഹത്തെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിയുടെ രക്ഷാ പ്രവർത്തന വീഡിയോയിൽ 'നീല ബലേനോ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി' എന്ന് പറയുന്നത് കേൾക്കാം. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തിടുക്കത്തിൽ മന്ത്രി സ്റ്റാഫിനോട് ദേഷ്യപ്പെടുകയും ചെയ്തു. 'വണ്ടി വേഗം എടുക്കാൻ പറ, അയാളെന്താ കളിക്കുന്നേ.

വണ്ടി റിവേഴ്‌സെടുക്കാൻ പറ.' പരുക്കേറ്റ ആളുടെ സമീപത്ത് എത്തി പരിക്ക് പറ്റിയ ആളെ ആശ്വസിപ്പിക്കാനും മന്ത്രി ശ്രമിക്കുന്നതായി കാണാവുന്നതാണ്, 'ഒന്നും പേടിക്കേണ്ട. സെയ്ഫാണ്. കണ്ണാടിയൊന്നും നോക്കണ്ടാ,' മന്ത്രി റിയാസ് പറയുന്നതായി കേൾക്കാം. പരുക്കേറ്റയാളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ മന്ത്രി വീണ ജോർജും സമയോചിതമായി ഇടപെടൽ നടത്തി വാഹനാപകടത്തിൽ പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചിരുന്നു, വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയ്ക്കും കുഞ്ഞിനു ആണ് ആരോഗ്യമന്ത്രി വീണ ജോർജ് രക്ഷകയായത്. അപകടത്തിൽ പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ ആണ് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെത്തിച്ച അമ്മയ്ക്കും കുഞ്ഞിനും മന്ത്രി വീണാ ജോര്‍ജ് ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. പാളയം വിജെടി ഹാളിനു സമീപം പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തിൽപെട്ടത്. കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്ത് ആയിരുന്നു മന്ത്രി അപകടം കാണുന്നത്. ഓണത്തിന്റെ തിരക്കുള്ള സമയത്താണ് അപകടം നടന്നത്.












Click it and Unblock the Notifications