തിരുവനന്തപുരത്ത് മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ചു
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വേങ്ങാട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ചന്ദ്രന്‍ മരണത്തിന് കീഴടങ്ങിയത്. മേയ് 28 ന് മോഷണ കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചിരുന്നു.
സമീപത്തെ വീടുകളില്‍ നിന്ന് ചന്ദ്രന്‍ പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മോഷണം പോയ പാത്രങ്ങള്‍ ചന്ദ്രന്റെ പക്കല്‍ നിന്നും കണ്ടെടുത്തു എന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. നാട്ടുകാര്‍ മര്‍ദിക്കുന്നതിനിടെ പൊലീസെത്തിയാണ് ചന്ദ്രനെ രക്ഷപ്പെടുത്തിയത്.

ചന്ദ്രനെ ആദ്യം സ്റ്റേഷനിലേക്കും പിന്നീട് ആശുപത്രിയിലേക്കും പൊലീസ് മാറ്റുകയായിരുന്നു. ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവശനിലയിലായിരുന്നു. ഇതിന് ശേഷം പോലീസ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിവരം ആരോടും പറയരുതെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
മോഷണക്കുറ്റമാരോപിച്ച പരാതിക്കാര്‍ പരാതിയില്ലെന്ന് പൊലീസിനോട് അറിയിച്ചതിനെ തുടര്‍ന്നാണ് ചന്ദ്രനെ വിട്ടയക്കുന്നത്. ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതത്തെ തുടര്‍ന്നാണ് ചന്ദ്രന്‍ മരണപ്പെട്ടത്. സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബമാണ് ചന്ദ്രന്റേത്. മികച്ച ചികിത്സ ലഭ്യമാക്കാന്‍ ചന്ദ്രന്റെ കുടുംബത്തിന് സാധിച്ചിരുന്നില്ല.
പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ചന്ദ്രന്‍ അവശനിലയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തന്നെ വയറിന് വേദനയുണ്ട് എന്ന് ചന്ദ്രന്‍ പറഞ്ഞിരുന്നു എന്നും എന്നാല്‍ വേദന വെറുതെ അഭിനയിക്കുന്നതാണ് എന്നാണ് പൊലീസ് ആരോപിച്ചത് എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
വിട്ടയച്ച് രണ്ടാ ദിവസം മുതല്‍ ചന്ദ്രന് കലശലായ വയറുവേദന ഉണ്ടായിരുന്നു. ആദ്യം ഒരു ആശുപത്രിയില്‍ കാണിച്ചെങ്കിലും പിന്നീട് എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനാണ് അവിടെ നിന്ന് നിര്‍ദ്ദേശിച്ചത് മെഡിക്കല്‍ കോളേജില്‍വെച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ കുടലിന് ക്ഷതമേറ്റതായി മനസിലായി.
വിന്റേജ് സാരിയില്‍ തിളങ്ങി അന്‍സിബ; കിടിലന്‍ ചിത്രങ്ങള്‍
അപ്പോഴാണ് അടിവയറ്റില്‍ കാല്‍മുട്ടുവെച്ച് മര്‍ദ്ദിച്ചു എന്ന് ചന്ദ്രന്‍ പറഞ്ഞു. ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഒമ്പതാം ദിവസം രാത്രിയോടെ ചന്ദ്രന്‍ മരിക്കുകയായിരുന്നു. കടുത്ത മര്‍ദ്ദനമേറ്റതാകാം ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏല്‍ക്കാന്‍ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചന്ദ്രന്റെ മരണത്തില്‍ അന്വേഷണം വേണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications