വിവാഹവീട്ടിലെ കൊലപാതകം: കുടുംബത്തിന് സംരക്ഷണം ഒരുക്കണമെന്ന് വനിത കമ്മിഷന്‍
തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണത്ത് അയല്‍വാസിയായ യുവാവും സുഹൃത്തുക്കളും വിവാഹ വീട്ടില്‍ അതിക്രമിച്ച് കയറി വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ നേരത്തേതന്നെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികളും, പ്രതികളിലൊരാളായ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും കൂടിച്ചേര്‍ന്നുകൊണ്ട് നടത്തിയിട്ടുള്ള ആസൂത്രിതമായൊരു കൊലപാതകം എന്ന നിലയില്‍ ഈ കേസിനെ സംബന്ധിച്ച അന്വേഷണം നടത്തേണ്ടതുണ്ട്. കൊലപാതകം നടത്തിയതിനുശേഷം ഈ പ്രദേശത്ത് കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ കേസിലെ ദൃക്സാക്ഷികളായ, കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി ഭര്‍ത്താവ് ദേവദത്തന്‍ മകള്‍ ഗുരുപ്രിയ എന്നിവര്‍ക്കടക്കം സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിയുണ്ടാകേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവി പറഞ്ഞു.

എംഎല്‍എ ഒ.എസ്.അംബിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട് എന്ന് ഈ കേസിലെ പ്രധാന പ്രതി വിഷ്ണു ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍തന്നെ ഇതിന് തയാറല്ലായെന്ന് പെണ്‍കുട്ടിയും വീട്ടുകാരും അറിയിച്ചിട്ടും പെണ്‍കുട്ടിയുടെ പിറകേകൂടി നിര്‍ബന്ധപൂര്‍വം വിവാഹം കഴിച്ചേതീരൂ എന്ന രീതിയില്‍ ആ യുവാവും അയാളുടെ വീട്ടുകാരും പ്രവര്‍ത്തിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
പെണ്‍കുട്ടിയുടെ ആശാപ്രവര്‍ത്തകയായ അമ്മയേയും ഭീഷണി സ്വരത്തില്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇവയെല്ലാം കേസന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കല്ലമ്പലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകള്‍ ശ്രീലക്ഷ്മിയെയും മകന്‍ ശ്രീഹരിയേയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മകള്‍ക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്നം കണ്ട ആ അച്ഛന് ഇനിയത് കാണാന്‍ കഴിയില്ല. വിവാഹപ്പന്തലിലേക്ക് മകള്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു. കല്ലമ്പലം വടശ്ശേരിക്കോണത്ത് രാജുവിനും കുടുംബത്തിനും എതിരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണ്.
സന്തോഷം നിറഞ്ഞു നില്‍ക്കുന്ന വീട്ടില്‍ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണ്! പ്രതികള്‍ക്ക് അര്‍ഹമായ കടുത്ത ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയില്‍ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒഎസ് അംബിക എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications