സി ദിവാകരൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, നെടുമങ്ങാട് സീറ്റ് വിട്ടുകൊടുക്കുന്നു
തിരുവനന്തപുരം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന്. മത്സര രംഗത്തേക്ക് വരാന്‍ ആഗ്രഹം ഇല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നും സി ദിവാകരന് ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് പരാജയപ്പെടുന്ന സീറ്റുകളില്‍ മത്സരിച്ച് ജയിക്കുകയും അടുത്ത തവണ ആ സീറ്റ് വിട്ടുകൊടുക്കുകയും ചെയ്യുന്നതാണ് തന്റെ രീതി.
ഇനി ഒരു മണ്ഡലത്തിലെ മാത്രം പ്രവര്‍ത്തനത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിക്കുളളിലെ കാര്യങ്ങളും വ്യക്തിപരമായ അനുഭവങ്ങളും അടക്കം എഴുതാനാണ് ഉദ്ദേശിക്കുന്നതെന്നും സി ദിവാകരന് വ്യക്തമാക്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി ദിവാകരന് മത്സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെട്ടു.
ശശി തരൂരിന് പിന്നില്‍ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സി ദിവാകരന് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. ഈ തോല്‍വി വന്‍ വിവാദമായി മാറുകയും സി ദിവാകരന് പാര്‍ട്ടിക്കുളളില്‍ തരംതാഴ്ത്തല്‍ നടപടിക്ക് വിധേയനാവുകയും ചെയ്തിരുന്നു. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ തനിക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ തരൂരിന് ലഭിച്ചതാണ് താന്‍ തോല്ക്കാന് കാരണമെന്നും സി ദിവാകരന് പറയുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ നെടുമങ്ങാടാണ് സി ദിവാകരന് പിടിച്ചെടുത്തത്. പാലോട് രവി ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 3621 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സി ദിവാകരന്റെ വിജയം. സി ദിവാകരന് 57745 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി പാലോട് രവിക്ക് 54370 വോട്ട് ലഭിച്ചു. 2006ലും 2011ലും കൊല്ലത്തെ കരുനാഗപ്പളളി മണ്ഡലത്തില്‍ നിന്നാണ് സി ദിവാകരന് വിജയിച്ചത്.