കയര്‍ ഗവേഷണത്തിന് ആധുനിക ലാബ്
തിരുവനന്തപുരം: പരമ്പരാഗത കയര്‍മേഖലയുടെ പുതിയ കുതിപ്പിന് നാഷണല്‍ കയര്‍ റിസര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിആര്‍എംഐ) ആധുനിക ലാബ് സജ്ജീകരിച്ചു. സ്വാഭാവിക നാരായ കയര്‍ പുതിയ മേഖലകള്‍ക്കു വേണ്ടി ഉപയോഗിക്കാനും ഗുണമേന്മയുള്ള പുതിയ ഉല്പന്നങ്ങള്‍ നിര്‍മിക്കാനും സഹായകമാകുന്ന ഗവേഷണങ്ങള്‍ എന്‍സിആര്‍എംഐയുടെ അഡ്വാന്‍സ്ഡ് സെന്റര്‍ ഓഫ് ഓട്ടോമേറ്റഡ് മൈക്രോബിയല്‍ കാരക്ടറൈസേഷനില്‍ തുടങ്ങി.

കയറിനു സ്വാഭാവിക നിറവും ഗുണവും നല്‍കുന്ന ബാക്റ്റീരിയകളെയും ഫംഗസുകളെയും തിരിച്ചറിഞ്ഞ് അവയെ ഉല്പന്ന നവീകരണത്തിനു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.എന്‍സിആര്‍എംഐയുടെ മൈക്രോബിയല്‍ വിശകലനോപകരണം (അനലൈസര്‍)സംസ്ഥാനത്ത് ഈ മേഖലയില്‍ ലഭ്യമായ ഏറ്റവും മികച്ച യന്ത്രമാണ്. പൂര്‍ണമായും ഓട്ടോമാറ്റിക് ആയ അനലൈസര്‍ മുഖേന അടിസ്ഥാന ജനിതക ഘടന നാലു മണിക്കൂര്‍ കൊണ്ടും ദൃശ്യ ഘടന രണ്ടു മിനിറ്റുകൊണ്ടും തിരിച്ചറിയാം. ഇതിവഴി മലിനീകരണം ഉണ്ടാക്കുന്ന വിധത്തിലുള്ള രീതികളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ തന്നെ അസംസ്‌കൃത വസ്തുവില്‍ നിന്ന് കയര്‍ വേര്‍തിരിച്ചെടുക്കാനും ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും
മൂന്നു നാലു പതിറ്റാണ്ടുകല്‍ക്കു മുമ്പുവരെ അസംസ്‌കൃത വസ്തുവില്‍ നിന്ന് കയര്‍ ഉല്പാദിപ്പിച്ചിരുന്നത് പരിസ്ഥിതിക്ക് ദോഷകരമായ രീതികളിലൂടെയായിരുന്നു. ഗവേഷണങ്ങളിലൂടെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആ രീതി ഉപേക്ഷിച്ചു. പക്ഷേ, പുതിയ രീതിയുടെ കാര്യക്ഷമത ഇപ്പോഴും പൂര്‍ണമല്ല.
കേരളത്തിന്റെ കയര്‍മേഖലയ്ക്കു ഭാവിയിലേക്ക് ഉപകരിക്കുന്ന നൂതന സാധ്യതകള്‍ നല്‍കുകയാണ് എന്‍സിആര്‍എംഐയുടെ ലക്ഷ്യം. അതിനുള്ള ഗവേഷണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.












Click it and Unblock the Notifications