കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വട്ടപൂജ്യം, തിരുവനന്തപുരം എന്ന വാക്കുപോലും ഇല്ലെന്ന് കടകംപളളി സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് പാടെ അവഗണനയെന്ന് കുറ്റപ്പെടുത്തി മന്ത്രി കടകംപളളി സുരേന്ദ്രൻ. ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ സംസ്ഥാന തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ പാടെ തഴഞ്ഞിരിക്കുകയാണ് എന്ന് മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്തിന് പദ്ധതികള്‍ പോയിട്ട് മൊത്തം ബജറ്റ് പ്രസംഗത്തില്‍ തിരുവനന്തപുരം എന്ന വാക്കുപോലും കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല.
ആഴ്ചകള്‍ക്ക് മുന്‍പ് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ തിരുവനന്തപുരം ജില്ലയ്ക്കും തലസ്ഥാന നഗര വികസനത്തിനുമായി അവതരിപ്പിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ട ചിലത് മാത്രം താഴെ ഉണ്ട്. ഇതിന് പുറമേ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പുതുക്കിയ ഡിപിആർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഈ നടപടി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

• സിറ്റി റോഡ് ഇംപ്രൂവ്മെന്റ് സ്കീം രണ്ടാം ഘട്ടം - 864 കോടി രൂപ
• കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികൾ - 900 കോടി രൂപ
• നെയ്യാർ-അരുവിക്കര കുടിവെള്ള പദ്ധതി - 635 കോടി രൂപ
• സമ്പൂർണ്ണ ശുചിത്വം, സ്വീവേജ് പൂർത്തിയാക്കൽ - 525 കോടി രൂപ
• നഗരത്തെ വിദ്യാഭ്യാസ-ആരോഗ്യ ഹബ്ബാക്കൽ - 900 കോടി രൂപ
• തിരുവനന്തപുരം പൈതൃക പദ്ധതി - 250 കോടി രൂപ
• ആക്കുളം, വേളി ടൂറിസം വികസനം - 150 കോടി രൂപ
• ചിത്രാഞ്ജലി ഫിലിം സിറ്റി കോംപ്ലക്സ്, മറ്റു സാംസ്കാരിക കേന്ദ്രങ്ങൾ - 150 കോടി രൂപ
• ഐ.ടി, ലൈഫ് സയൻസ്, വീഡിയോ പാർക്കുകളുടെ വികസനം - 534 കോടി രൂപ
• റിംഗ് റോഡും ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റും
• കളിയിക്കാവിള റോഡ് രണ്ടാംഘട്ടം
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തിരുവനന്തപുരം ജനത മറന്നുകാണില്ല. ഭരണം കയ്യിലുള്ളപ്പോള്‍ പോലും ഒന്നും ചെയ്യില്ല എങ്കിലും തള്ളിമറിക്കാന്‍ യാതൊരു ജാള്യതയും ഇല്ലാത്ത ഇക്കൂട്ടര്‍ കേന്ദ്രബജറ്റിലെ തിരുവനന്തപുരത്തോടുള്ള അവഗണനയില്‍ മൗനം പാലിക്കുകയാണ്. ഇനിയും വരില്ലേ കേന്ദ്രത്തിന്റെ യോജനകളും തെളിച്ചുകൊണ്ട് ഈ വഴി എന്ന് മാത്രമാണ് ഇക്കൂട്ടരോട് ചോദിക്കാന്‍ ഉള്ളത് എന്നും മന്ത്രി പരിഹസിച്ചു.












Click it and Unblock the Notifications