പദ്മനാഭനെ തൊഴുത ശേഷം മോഷണം; എത്തുന്നതും മടങ്ങുന്നതും വിമാനത്തില്‍, അന്തര്‍സംസ്ഥാന കള്ളന്‍ പിടിയില്‍
തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് വിമാനത്തിലെത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ തന്നെ മടങ്ങുന്ന അന്തര്‍ സംസ്ഥാന കള്ളന്‍ പിടിയില്‍. തെലങ്കാന സ്വദേശി ഉമാപ്രസാദ് ആണ് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഉമാപ്രസാദ് പിടിയിലായത്.
വിമാനത്തില്‍ എത്തിയ ശേഷം ഓട്ടോയില്‍ നഗരത്തില്‍ കറങ്ങി മോഷ്ടിക്കേണ്ട വീടുകള്‍ നോക്കി വെക്കും. പിന്നീട് രാത്രിയിലെത്തി മോഷണം നടത്തി തിരിച്ച് വിമാനത്തില്‍ നാട്ടിലേക്ക് പോകുക എന്നതാണ് ഇയാളുടെ രീതി. അതേസമയം ഇയാള്‍ തെലങ്കാനയിലെ പൊലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജോലിക്കാരനാണ് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. മോഷണം നടത്തിയ ശേഷം തെളിവുകളെല്ലാം ഇല്ലാതാക്കുന്നതിലും വിദഗ്ധനാണ് ഉമാപ്രസാദ്.

തിരുവനന്തപുരത്തെത്തിയാല്‍ ആദ്യം ചെയ്യുന്നത് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കലാണ്. അതിന് ശേഷമാണ് മോഷണം നടത്തേണ്ട വീടുകള്‍ മാര്‍ക്ക് ചെയ്യുന്നത്. മേയ് മാസത്തില്‍ തലസ്ഥാനത്ത് വന്ന ഉമപ്രസാദ് നിരവധി സ്ഥലങ്ങള്‍ നോട്ടമിട്ടിരുന്നു. മേയ് 28 ന് വന്ന ഇയാള്‍ തിരിച്ചുപോയ ശേഷം ജൂണ്‍ ആറിന് വീണ്ടുമെത്തി. ഫോര്‍ട്ട്, പേട്ട സ്റ്റേഷന്‍ പരിധികളില്‍ മൂന്നു മോഷണങ്ങള്‍ നടത്തിയ ശേഷം ജൂലൈ ഒന്നിന് നാട്ടിലേക്ക് മടങ്ങി.
ഇതോടെയാണ് ഇയാള്‍ക്കായി പൊലീസ് വലവിരിച്ചത്. സ്വര്‍ണമാണ് ഇയാള്‍ പ്രധാനമായും മോഷ്ടിക്കുന്നത്. ഇത് നാട്ടില്‍ പണയം വെച്ച് ലഭിക്കുന്ന കാശുമായാണ് വിമാനയാത്രയും ജീവിതവും. മോഷണം നടന്ന സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഉമാപ്രസാദിനെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാള്‍ യാത്ര ചെയ്ത ഓട്ടോയിലെ ഡ്രൈവറെ കണ്ടെത്താനായത് നിര്‍ണായകമായി.
ഇതുവഴി ഉമപ്രസാദ് താമസിച്ച ഹോട്ടല്‍ കണ്ടെത്തി. ഇവിടെ നിന്ന് പേരും മേല്‍വിലാസവും ലഭിച്ചു. തുടരന്വേഷണത്തില്‍ ഇയാള്‍ വീണ്ടും കേരളത്തിലേക്ക് വരാനുള്ള പുറപ്പാടിലാണ് എന്ന് മനസിലാക്കിയ പൊലീസ് ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം തൊണ്ടിമുതലുകളില്‍ ചിലത് ചാക്ക പാലത്തിന്റെ അടിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.
നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ ഉമാപ്രസാദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവറസ്റ്റ് കീഴടക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊപ്പിയും ബനിയനും ഷോര്‍ട്‌സും ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ജനലഴി ഇളക്കാനുള്ള പാരയും വാതില്‍ പൊളിക്കുന്നതിനുള്ള കട്ടറും കൈയില്‍ കരുതും. പൂട്ടിക്കിടക്കുന്ന വീടുകളിലാണ് മോഷണം.












Click it and Unblock the Notifications