എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര; കേസ് അവസാനിപ്പിച്ചു; ക്രമസമാധാനപ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ്
തിരുവനന്തപുരം: എൻ എസ് എസ് നാമജപ ഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ ഉള്ള 1000 പേർക്കെതിരെ ആയിരുന്നു കേസ്. പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനും ആണ് കേസ് എടുത്തിരുന്നത്.

സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ ഘോഷയാത്ര നടത്തിയത്. കേസ് എഴുതി തള്ളാൻ നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് തീരുമാനിച്ചിരുന്നു. എൻ എസ് എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേസ് എഴുതി തള്ളിയതെന്ന ആരോപണം ഉണ്ട്. കന്റോൺമെന്റ് പോലീസാണ് കേസ് എഴുതി തള്ളിയത്.
മിത്ത് വിവാദവുമായി ബന്ധപ്പെട്ട നാമജപ കേസ് അവസാനിപ്പിച്ചതിൽ സന്തോഷം എന്നാണ് എൻ എസ് എസ് പ്രതികരിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാമജപ കേസുകളും പിൻവലിക്കണമെന്നും എൻ എസ് ആവശ്യപ്പെട്ടു. സർക്കാരുമായി അഭിപ്രായ വ്യത്യാസം ചില വിഷയങ്ങളിൽ മാത്രമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു.












Click it and Unblock the Notifications