തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് സ്ത്രീക്ക് സ്ഥിരീകരിക്കുന്നത് ആദ്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നാവായിക്കുലം സ്വദേശിയായ 24കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. വീടിന് സമീപത്തുള്ള കനാലിൽ കുളിച്ചതിനെ തുടർന്നാണ് യുവതിക്ക് രോഗ ബാധ ഉണ്ടായത് എന്നാണ് വിവരം. യുവതിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ശ്രമം നടത്തിവരികയാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.

ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാൾ മരിച്ചു. ശേഷിക്കുന്നവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂർക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 16 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് പേർ രോഗ മുക്തി നേടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്കാണ് രോഗ ബാധ ഉണ്ടായത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽപ്പെട്ടവരായിരുന്നു ഇവർ.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.












Click it and Unblock the Notifications