വൈറസ് ബാധ: കോട്ടൂരിൽ ഒരാഴ്ചക്കിടെ ചരിഞ്ഞത് രണ്ട് കുട്ടിയാനകൾ, കൂടുതൽ ആനകൾ നിരീക്ഷണത്തിൽ...
തിരുവനന്തപുരം: കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ ആനക്കുട്ടികൾ ചരിയുന്നത് പതിവാകുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് ആനക്കുട്ടികളാണ് ചരിഞ്ഞിട്ടുള്ളത്. നാല് വയസ്സ് പ്രായമുള്ള അർജുൻ എന്ന കുട്ടിയാനയാണ് ഇന്ന് പുലർച്ചെ ചെരിഞ്ഞിട്ടുള്ളത്. രോഗം ബാധിച്ച് രോഗമുക്തി നേടാൻ എളുപ്പമല്ലാത്ത ഹെർപ്പിസ് വൈറസ് ബാധയാണ് രണ്ട് മരണങ്ങൾക്കും കാരണമായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ആനകൾക്ക് ലഭ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വൈറസ് ആനകളിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിദ്യാർത്ഥികൾക്ക് വാക്സിനേഷന് മുൻഗണന: സ്വകാര്യ ബസ് ജീവനക്കാരെയും അതിഥി തൊഴിലാളികളെയും പരിഗണിക്കും
ജൂൺ 28ന് ഹെർപ്പിസ് സ്ഥിരീകരിച്ച ശ്രീക്കുട്ടി എന്ന കുട്ടിയാനയും ചരിഞ്ഞിരുന്നു. ഈ രണ്ട് സംഭവത്തിനും പിന്നാലെ ആന പരിപാലന കേന്ദ്രത്തിലെ മൂന്ന് ആനക്കുട്ടികൾക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതോടെ മറ്റ് ആനകളെയെല്ലാം നിരീക്ഷിച്ച് വരികയാണ്. പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ള ആനക്കുട്ടികളെയാണ് ഹെർപ്പിസ് വൈറസ് ബാധിക്കുന്നത്. അഞ്ച് ഡോക്ടമാർ അടങ്ങിയ വിദഗ്ധ സംഘമാണ് നിലവിൽ ആനകളുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിവരുന്നത്.
ഹെർപ്പിസ് വൈറസ് ബാധ സ്ഥിരീകരിച്ച ആനകൾക്ക് ഫാം സൈക്ലോവിൻ എന്ന മരുന്നാണ് നൽകിവരുന്നത്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലുള്ള 16 ആനകളിൽ 11 എണ്ണവും കുട്ടിയാനകളാണ് എന്നതാണ് ഭീഷണിയാവുന്നത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കും. രോഗം കൂടുതൽ ആനകളിലേക്ക് പടരുന്ന സാഹചര്യത്തിൽ വൈറസ് ഗവേഷണ കേന്ദ്രങ്ങൾ, മൃഗശാല, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തും.