വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലൈറ്റുകളുടെ ദുരുപയോഗം : ഇനി മുതല്‍ പിടിവീഴും
തിരുവനന്തപുരം: നിയമവിരുദ്ധമായി വാഹനങ്ങളില്‍ ലൈറ്റുകളുടെ ഉപയോഗത്തിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഏപ്രില്‍ 4 മുതല്‍ 13 വരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തും. രാത്രികാല സ്പെഷ്യല്‍ ഡ്രൈവാകും വകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഓപ്പറേഷന്‍ ഫോക്കസ് എന്നാണ് ഡ്രൈവിന് പേര് നല്‍കിയിരിക്കുന്നത്. ഹെഡ്ലൈറ്റുകളില്‍ നിന്ന് വരുന്ന തീവ്രപ്രകാശത്തെ തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടിയാണ് വകുപ്പിന്റെ തീരുമാനം.
ഹെഡ്ലൈറ്റുകളില്‍ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്,ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ ഓപ്പറേഷന്‍ ഫോക്കസിന്റെ ഭാഗമായി പരിശോധിക്കും.

അതേ സമയം റോഡില്‍ ക്യാമറയുള്ള സ്ഥലമെത്തുമ്പോള്‍ വേഗം കുറയ്ക്കുകയും ക്യാമറ കഴിയുമ്പോള്‍ വേഗം കൂട്ടുകയും ചെയ്യുന്ന പറ്റിക്കലിനെ നിയന്തിക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തിലെ പ്രധാന റോഡുകളില്‍ നിരീക്ഷണ ക്യാമറകളെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള മോട്ടര്‍ വാഹന വകുപ്പിന്റെ 'വെര്‍ച്വല്‍ ലൂപ്' സംവിധാനം സംസ്ഥാനത്ത് വ്യാപകമാക്കും. ഇതിനകം തന്നെ തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ ഇതു നടപ്പാക്കിയിട്ടുണ്ട്.
നിരീക്ഷണ ക്യാമറകള്‍ക്കിടയില്‍ ഒരു വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറയുടെ പിടിയിലാകും. വിവരങ്ങള്‍ തത്സമയം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേക്കാണ് അപ്‌ഡേറ്റ് ആകുക. വാഹന റജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈല്‍ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും.
ഒരേ ക്യാമറയില്‍ ഹെല്‍മറ്റില്ലാതെ കുടുങ്ങിയാല്‍ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവര്‍ത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വര്‍ധിപ്പിച്ചു സെര്‍വറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം വിവരങ്ങള്‍ കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.












Click it and Unblock the Notifications