18ാം വയസില്‍ തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധബുദ്ധി പുലര്‍ത്തേണ്ടതില്ല; പി സതീദേവി
തിരുവനന്തപുരം: 18ാം വയസ്സിൽ തന്നെ മകൾ വിവാഹം കഴിക്കണമെന്ന നിർബന്ധബുദ്ധി പുലർത്തേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. സതീദേവി. പെൺകുട്ടികളെ സ്വയം പര്യാപ്തതയിൽ എത്തിച്ചതിന് ശേഷം ആവണം വിവാഹം നടത്തേണ്ടതെന്നും സതീ ദേവി പറഞ്ഞു.
നിയമപരമായി 18 വയസ്സിൽ വിവാഹം കഴിക്കാൻ സാധിക്കുമെങ്കിലും ഈ പ്രായത്തിൽ തന്നെ വിവാഹം നടത്തണമെന്ന നിർബന്ധബുദ്ധി പുലർത്തേണ്ടതില്ലെന്നും അവർ പറഞ്ഞു. പട്ടിക വർഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചൽ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി.

കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പുകൾ മുഖേന യുവതികൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണം എന്നും സതീദേവി പറഞ്ഞു. അംഗൺവാടികളിലേക്കും സ്കൂളുകളിലേക്കും എല്ലാ ദിവസവു കുട്ടികളെ അയക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
സ്കൂൾ പഠനത്തിന് സജ്ജമാക്കുന്ന മികച്ച പരിശീലനമാണ് അംഗൺവാടികളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നത്. പഠനത്തിനൊപ്പം പോഷക മൂല്യമുള്ള ആഹാരവും അംഗൺവാടികളിൽ നിന്ന് കുട്ടികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.
രണ്ടര വയസ്സ് കഴിഞ്ഞ കുട്ടികളെ നിർബന്ധമായും അംഗൺവാടികളിൽ അയക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം, കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിന് നിലവിലുള്ള യാത്ര സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തണം എന്നും സതീദേവി ആവശ്യപ്പെട്ടു. പുകയില ഉപയോഗിച്ച് ഉള്ള മുറുക്ക് കാൻസറിന് കാരണമാകുമെന്ന് ഗോത്ര ജനത തിരിച്ചറിയണമെന്നും അവർ പറഞ്ഞു.
കുടുംബ ബന്ധങ്ങളെയും ആരോഗ്യത്തേയും തകർക്കുന്നതിനാൽ മദ്യപാനം ഒഴിവാരക്കണം. ഗോത്ര ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുന്ന കേരളത്തിലേതുപോലെ മറ്റൊരു സംസ്ഥാന സർക്കാരർ ഇന്ത്യയിലില്ലെന്നും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരുടെ ക്ഷേമത്തിനായി വിപുലമായ കർമ്മ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നതെന്നും സതീദേവി പറയുന്നു.
ഈ വിഭാഗത്തിന്റെ മുന്നേറ്റത്തിനായി വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിയിട്ടുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുടെ പ്രയോജനം ഗോത്ര ജനതയ്ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ അവബോധം നൽകുന്നതിന് പട്ടിക വർഗ പ്രോമോട്ടർമാർ ജനങ്ങളിലേക്ക് നേരിട്ട് ചെല്ലണമെന്നും സതീ ദേവി പറഞ്ഞു.












Click it and Unblock the Notifications