മൊബൈല്‍ മാര്‍ഗം ഇനി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് ഇനി മൊബൈല്‍ മാര്‍ഗം അറിയാം. ഇന്റര്‍നെറ്റ് സംവിധാനമുള്ള സാമാര്‍ട് ഫോണാണ് ഇതിന് ആവശ്യം. www.isgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറി വോട്ടെറെ തിരയുക എന്ന ഭാഗത്ത് ക്‌ളിക്ക് ചെയ്‌ത ശേഷം തുടര്‍ന്ന് പേരും വോട്ടര്‍ ഐഡിയും നല്‍കിയാല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് അറിയാനാകും.
വോട്ടര്‍ ഐഡി നമ്പര്‍ അല്ലെങ്കില്‍ വോട്ടര്‍ പട്ടിക എന്ന ഭാഗത്ത് ക്ലിക് ചെയ്‌താല്‍ വോട്ടര്‍ ലിസ്‌റ്റില്‍ പേരുണ്ടോ എന്ന് കണ്ടെത്താനാകും.ജില്ല , വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍ എന്നിവ നല്‍കിയാല്‍ ഇംഗ്ല്‌ളീഷിലും മലയാളത്തിലും വോട്ടര്‍ പട്ടിക തിരയാനാകും. പോളിങ് സ്‌റ്റേഷന്‍ നിശ്ചയമില്ലെങ്കില്‍ വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍ പട്ടികയും പരിശോധിക്കേണ്ടി വരും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനോ, പേര് തിരുത്താനൊ ഇനി ഈ തിരഞ്ഞടുപ്പില്‍ അവസരം ഇല്ല.

സമ്മദിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ്‌എംഎസ് വഴിയും അറിയാവുന്നതാണ്. ഇതിനായി 1950 എന്ന നമ്പറിലേക്ക് ഐഡിക്കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി എസ്‌എംഎസ് അയച്ചാല്‍ മതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശമുണ്ടോ എന്ന് എല്ലാ പൗരന്‍മാര്‍ക്കും എളുപ്പത്തില്‍ അറിയാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമ നിര്‍ദേശ പത്രിക സമര്‍പ്പണം വ്യഴാഴ്‌ച്ച മുതല്‍ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പത്രിക സമര്‍പ്പണം. സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര്‍ മാത്രമേ പത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിക്കു മുന്നില്‍ എത്താന്‍ പാടുള്ളു, ആള്‍ക്കൂട്ടമോ ജാഥയോ പാടില്ല, സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന നിര്‍ദേശം . ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16നാണ് വോട്ട് എണ്ണല്‍












Click it and Unblock the Notifications