ബിജെപിയെ പരാജയപ്പെടുത്താന്‍ തിരുവനന്തപുരത്ത് സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കണമെന്ന് പിസി ജോര്‍ജ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞടെപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോര്പ്പേറേഷനിലാണ്. കാല് നൂറ്റാണ്ടിലേറെയായുള്ള കോര്പ്പറേഷന് ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ എന്ത് വിലകൊടുത്തും ഇത്തവണ ഭരണം പിടിച്ചെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ യുഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതാണ് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. യുഡിഎഫ് ആകട്ടെ കഴിഞ്ഞ തവണയേറ്റ തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. ഇത്തരത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോര്‍പ്പറേഷനിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ജനംപക്ഷ നേതാവ് പിസി ജോര്‍ജ്.

പിസി ജോര്‍ജ്
ബിജെപി പാളയത്തില്‍ നിന്നും വിട്ട പിസി ജോര്‍ജ്ജ് തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി യുഡിഎഫിലേക്ക് മടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ തനിച്ചാണ് പിസി ജോര്‍ജ്ജിന്റെ ജനപക്ഷം ജനവിധി തേടുന്നത്. തിരുവനന്തപുരത്ത് ജനപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്ത് കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ്.

ജനപക്ഷം
ജനപക്ഷ സ്ഥാനാര്‍ത്ഥികളുടെ പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസം തലസ്ഥാനത്ത് ഉണ്ടായിരുന്നെന്നാണ് പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവി നല്കിയ അഭിമുഖത്തില്‍ പറയുന്നത്. 180 ലെ കിലോമീറ്റര്‍ സഞ്ചരിച്ച് ശക്തമായ പ്രചാരണമാണ് ഈ ദിവസങ്ങളില്‍ കാഴ്ചവെച്ചത്. ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ആപ്പിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു തന്റെ പ്രചാരണമെന്നും അദ്ദേഹം പറയുന്നു.

ബിജെപി പ്രചാരണം
ഇവിടെ ഞാന്‍ കണ്ട ഒരു അത്ഭുതം എന്താണെന്ന് വെച്ചാല്‍ അവിടെ ബിജെപി പ്രചാരണത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ബിജെപിയുടെ പ്രചരണം വളരെ ശക്തമാണ്. അവര്‍ വളരെ വിജിലന്റാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ഉണ്ടായത് പോലെ യുഡിഎഫ് ബിജെപിക്ക് വഴങ്ങിക്കൊടുക്കുകയാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫിന്
എന്നാല്‍ യുഡിഎഫിന് കോര്‍പ്പറേഷനില്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 100 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ എട്ടോ പത്തിടത്ത് മാത്രമേ യുഡിഎഫിന്റെ ഓഫീസിന് മുന്നില്‍ ഒരു ജനക്കൂട്ടത്തെ കണ്ടത്. ബാക്കിയെല്ലായിടത്തും ബിജെപിക്കെതിരായി ശക്തമായി നില്‍ക്കുന്നത് സിപിഎമ്മാണെന്ന് ഞാന്‍ കണ്ടതാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.

മാറിക്കളിച്ച് സിപിഎം
സാധാരണ പ്രായമായവരെ പോലും സ്ഥാനാര്‍ത്ഥിയാക്കുന്ന സിപിഎം ഇത്തവണ ഇരുപത്തിനാലും ഇരുപത്തിയഞ്ചും വയസ്സുള്ള യുവാക്കളെ തന്നെ രംഗത്തിറക്കി ബിജെപിക്കെതിരെ ശക്തമായ പ്രതിരേധം അവര്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ ഫലം എന്താകുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഏതായാലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഒരു മുന്‍തൂക്കം ഉള്ളതായാണ് ഞാന്‍ കണ്ടത്.

ബിജെപിയെ പ്രതിരോധിക്കാന്‍
ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു ധാരണയുണ്ടാക്കണം. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് അറുപത്തിമൂന്ന് കൊല്ലത്തിലേറെയായി കേരളം ഭരിക്കുകയല്ലേ? ഈ കേരളത്തിന്റെ ഗതി എന്തായെന്ന് ജനം ചര്‍ച്ച ചെയ്യുകയല്ലേ. അത് നിഷേധിക്കാന്‍ പറ്റുമോ. ഇവിടെ എന്ത് കാണിച്ചാലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് അല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

എന്തിന് കോണ്‍ഗ്രസ്
എന്തിന് കോണ്‍ഗ്രസ് ഇങ്ങനെ നടക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സിപിഎമ്മുമായി ഒരുമിച്ചാല്‍ പോരെ. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ്. കേരളത്തില്‍ മാത്രം പ്രതിപക്ഷം, ഭരണപക്ഷം എന്നും പറഞ്ഞ് രണ്ടായിട്ടിരിക്കുക. ഈ കളി അവസാനിപ്പിച്ച് കോണ്‍ഗ്രസും സിപിഎമ്മും യോജിക്കട്ടെ എന്നിട്ട് അവര്‍ മുന്നിലെത്തി നില്ക്കട്ടെ.

നടക്കാന്‍ പോവുന്നത്
ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി വിട്ടുവീഴ്ച ചെയ്യും. ഒരു സംശയവും വേണ്ട അതിവിടെ നടക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ മാത്രം യോജിച്ച് നിന്നിട്ട് കേരളത്തില്‍ മാത്രം മറ്റൊരു രീതിയില്‍ നിന്നിട്ട് കാര്യമുണ്ടോ. ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും യോജിക്കട്ടേയെന്നും അദ്ദേഹം പറയുന്നു.

ഭരണം ലഭിക്കില്ല
അതേസമയം, എന്തൊക്കെ അവകാശവാദങ്ങല്‍ നടത്തിയാലും ബിജെപിക്ക് ഇത്തവണ തിരുവന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ലഭിക്കില്ലെന്നാണ് ഇടതുമുന്നണിയും യുഡിഎഫും ഒരു പോലെ പറയുന്നത്. കഴിഞ്ഞ തവണ നേടിയ 35 സീറ്റുകളുടെ ബലത്തിലാണ് അവരുടെ അവകാശ വാദം. എന്നാല്‍ ഇത്തവണ അവര്‍ക്ക് അത്രയും സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും ഇടത് വലത് നേതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

അംഗബലം
സിപിഐഎമ്മിന്റെ മുപ്പത്തിനാലും സിപിഐയുടെ ആറും ഉള്‍പ്പെടെ 43 സീറ്റുകളാണ് എല്‍ ഡി എഫിന് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. കോണ്‍ഗ്രസ് 21, സ്വതന്ത്രന്1. എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2010 ല്‍ 40 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് കഴിഞ്ഞ തവണ 21 സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു.