കുടിവെള്ളം മുട്ടി തിരുവനന്തപുരം
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്ന് ദിവസം. നവംബര്‍ 30 ന് ശനിയാഴ്ച രാത്രി അരുവിക്കരയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ജല വിതരണം തടസ്സപ്പെട്ടത്. മൂന്ന് ദിവസം ആയെങ്കിലും പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, മണ്ണന്തല, പേരൂര്‍ക്കട, കേശവദാസ പുരം, മണ്‍വിള എന്നിവിടങ്ങളിലേക്കുള്ള ജല വിതരണമാണ് തടസ്സപ്പെട്ടത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണത്രെ പൈപ്പ് പൊട്ടിയത്. അഞ്ച് മീറ്ററോളം താഴ്ചയിലാണ് പൈപ്പ്. അതുകൊണ്ട് തന്നെ അത്രയും മണ്ണ് നീക്കിയതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താനാകൂ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ അറ്റ കുറ്റപ്പണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഡിസംബര്‍ 2 ന് അര്‍ദ്ധരാത്രിയോടെ മാത്രമേ ജലവിതരണം പുന:സ്ഥാപിക്കാനാകൂ എന്നാണ് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ ജല അതോറിറ്റിയും തിരുവനന്തപുരം നഗര സഭയും വെള്ളമില്ലാത്ത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എങ്കിലും പല സ്ഥലങ്ങളിലും ഈ സേവനം ലഭിക്കുന്നില്ല എന്ന പരാതിയുണ്ട്.
തിരുവനന്തപുരത്ത് പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങുന്നത് ഇപ്പോള്‍ പതിവ് സംഭവം ആയിക്കൊണ്ടിരിക്കുകയാണ്. പൈപ്പുകളുടെ കാലപ്പഴക്കമാണ് പ്രധാന പ്രശ്‌നം എന്നാണ് പറയപ്പെടുന്നത്.
ഇപ്പോഴത്തെ പൈപ്പ് പൊട്ടല്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ ജല അതോറിറ്റി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം. മൂന്ന് ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ തീരാത്തതിനാല്‍ വകുപ്പ് തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കണമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ കെ ചന്ദ്രിക ആവശ്യപ്പെട്ടു.












Click it and Unblock the Notifications