സെക്രട്ടറിയേറ്റ് ഉപരോധം: പ്രതിപക്ഷ നേതാവ് വിഡി സതീശനുൾപ്പെടെ മൂവായിരം പേർക്കെതിരെ കേസ്
യു ഡി എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. വഴി തടസ്സപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. വി ഡി സതീശനുൾപ്പെടെ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്.
കന്റോൺമെന്റ്റ് പൊലീസാണ് കേസെടുത്തത്. കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ, എം എം ഹസ്സൻ, കൊടുക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ. കെ.പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ, വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോ പാൽ , എം.വിൻസന്റ് , കെ.മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്.

വിലക്കയറ്റം, അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷകരോടുള്ള അവഗണന, ക്രമസമാധാന തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് യു ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധം നടത്തിയത്. രാവിലെ 6.30 നാണ് ഉപരോധം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്.
രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ സെക്രട്ടറിയേറ്റ് പരിസരത്തെത്തിയിരുന്നു. കന്റോൺമെന്റ് ഗേറ്റ് ഒഴികേയുള്ള മറ്റ് എല്ലാ ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു. ഉപരോധത്തോടനുബന്ധിച്ച് കനത്ത ഗാതഗത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. പ്രവേശം കന്റോൺമെന്റ് ഗേറ്റ് വഴിമാത്രമാണ് അനുവദിച്ചിരുന്നത്. പതിനാല് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ 1500 ഓളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരിന്നു.
"സർക്കാർ അല്ലിത് കൊള്ളക്കാർ" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്ന ഉപരോധം. സഹകരണബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം, പിൻവാതിൽ നിയമനങ്ങൾ തുടങ്ങി കഴിഞ്ഞ ഏഴരവർഷമായി ഇടതുസർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളെ ഉയർത്തികാട്ടിയാണ് എല്ലാ നേതാക്കളും സംസാരിച്ചത്.
അഴിമതി സർക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാൻ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കുറ്റപ്പെടുത്തി. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യു ഡി എഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം ചെയ്യുന്നത്.












Click it and Unblock the Notifications