സ്‌കൂട്ടറില്‍ സഞ്ചരിച്ച ആര്‍ജെയ്ക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റിനെതിരെ കേസ്
തിരുവനന്തപുരം: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആള്‍ പിന്തുടര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.
റേഡിയോ ജോക്കിയായ യുവതിയാണ് രാധാകൃഷ്ണന് എതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറ്റൂരിലെ ഒരു ക്യാമറയില്‍ നിന്ന് രാധാകൃഷ്ണന്‍ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കന്റോണ്‍മെന്റ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

എന്നാല്‍ യുവതിയുമായി റോഡില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടായി എന്നും ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്തിട്ടില്ല എന്നുമാണ് രാധാകൃഷ്ണന്റെ മൊഴി. അശ്ലീലം പറയുക, സ്ത്രീകളുടെ മാന്യതയെ അപമാനിക്കുക, സ്ത്രീകളെ പിന്തുടരുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് രാധാകൃഷ്ണന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തും. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തിലെത്തിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കന്റോണ്‍മെന്റ് എസ് ഐ ദില്‍ജിത്ത് പറഞ്ഞു. അതേസമയം അടിസ്ഥാനരഹിതമായ കേസാണെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴോളം സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്നും ബൈക്കിന്റെ നമ്പറും പരാതിയില്‍ യുവതി വ്യക്തമാക്കിയിരുന്നു. നേരത്തെ 2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയതിനും രാധാകൃഷ്ണനെതിരെ കേസുണ്ട്.












Click it and Unblock the Notifications