'അച്ഛാ തല്ലല്ലേ..' വൈറലായ വീഡിയോയിലെ കുട്ടികളെ തല്ലിയ അച്ഛൻ അറസ്റ്റിൽ, കേസെടുക്കരുതെന്ന് അമ്മ
തിരുവനന്തപുരം: മക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രണ്ട് കുട്ടികളെ അച്ഛന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ വലിയ പ്രതിഷേധവും ഉയര്‍ന്നു. പിന്നാലെ ഇയാളെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാര്‍ പിടിയിലായത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ചതിന് ശേഷമാണ് ഇയാള്‍ മകളേയും മകനേയും മര്‍ദ്ദിച്ചത്. കാണാതായ മദ്യക്കുപ്പി എവിടെ എന്ന് ചോദിച്ചാണ് ക്രൂരത. തങ്ങളെ തല്ലല്ലേ അച്ഛാ കുട്ടികള്‍ കരയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അത് കേള്‍ക്കാതെ ഇയാള്‍ തുടര്‍ന്നും കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്ന അമ്മയേയും ഇയാള്‍ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാം.
കുട്ടികളുടെ അമ്മയാണ് ഈ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. ഇവര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്നും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുത് എന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ രംഗത്ത് വന്നിട്ടുണ്ട്. വീഡിയോ അറിയാതെ പുറത്ത് പോയതാണ്. ഭര്‍ത്താവ് പ്രശ്നക്കാരന്‍ അല്ലെന്നും കുട്ടികളെ ഉപദ്രവിക്കുന്ന ആളല്ലെന്നും അമ്മ പറയുന്നു.
സുനില്‍ കുമാര്‍ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ആളാണെന്നും കേസെടുക്കരുതെന്നും ഇവര്‍ പറയുന്നു. കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട വീഡിയോ ബന്ധുക്കളില്‍ ചിലര്‍ പുറത്ത് വിടുകയായിരുന്നുവെന്നും അവര്‍ക്ക് തങ്ങളുടെ കുടുംബം നശിപ്പിക്കുകയാണ് വേണ്ടതെന്നും ഭാര്യ ആരോപിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.