തിരുമ്മല്‍ കേന്ദ്രങ്ങള്‍ക്ക് പോലീസിന്റെ തിരുമ്മല്‍
തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂണ് പോലെ മുളച്ച് പൊന്തുന്ന മസാജ് പാര്‍ലറുകള്‍ക്കും ബ്യൂട്ടി സ്പാകള്‍ക്കും പോലീസിന്റെ വക തിരുമ്മല്‍ ചികിത്സ. 2013 നവംബര്‍ 23 നാണ് പോലീസിന്റെ വക കാടടച്ച് പരിശോധന നടത്തിത്. 16 തിരുമ്മല്‍ കേന്ദ്രങ്ങളാണ് ഒറ്റയടിക്ക് പൂട്ടി സീല്‍ വച്ചത്. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയും അനാശാസ്യത്തിനും പിടികൂടിയിട്ടുണ്ട്.
37 സംഘങ്ങളായാണ് പോലീസ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജ്, കോവളം, വിഴിഞ്ഞം, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പരിധി എന്നിവടങ്ങളില്‍ ആയിരുന്നു പരിശോധന.

ആയുര്‍വേദ മസാജ് പാര്‍ലറുകള്‍ക്കും ബ്യൂട്ടി സ്പാകള്‍ക്കും കോര്‍പ്പറേഷന്റെയോ മറ്റ് തദ്ദേശ സ്ഥാപനത്തിന്റേയോ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കൂടാതെ ഒരു ആയുര്‍വേദ ഡോക്ടറും സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായ തിരുമ്മല്‍ വിദഗ്ധനും വേണം. പരിശോധന നടത്തിയ മിക്ക ഇടത്തും ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രെ.
അസിസ്റ്റന്റ് കമ്മീഷണര്‍മര്‍ മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വരെ ഉള്ളവരാണ് പരിശോധന സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവളം മേഖലയിലാണ് അംഗീകാരമില്ലാത്ത തിരുമ്മല്‍ കേന്ദ്രങ്ങള്‍ ഏറെയും കണ്ടെത്തിയത്. കോവളത്ത് മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ സ്ത്രീകളും പുരുഷന്‍മാരെ പുരുഷന്‍മാരും തന്നെ മസാജ് ചെയ്യണം എന്നാണ് നിയമം ആനുശാസിക്കുന്നത്. എന്നാല്‍ മിക്കയിടത്തും ഇത് പാലിക്കാറില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ടൂറിസം സീസണ്‍ തുടങ്ങുന്നതിന് മുമ്പായി മേഖലയിലെ ചൂഷണങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനായാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications